മലപ്പുറം : നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച ചന്ദനമര കഷണങ്ങള്‍ വനം വിജിലന്‍സ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. കിഴിശേരി മുണ്ടുപറമ്പ് സ്വദേശികളായ പുളിയക്കോട് പൂപ്പറ്റ വീട്ടില്‍ അബ്ദുള്‍ നാസര്‍ (48), നാസറിന്റെ സുഹൃത്ത് മുണ്ടുപറമ്പ് പുളിയക്കോട് വടക്കേത്ത് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ (56) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളിൽ നിന്നും 32 കിലോഗ്രാം ചന്ദനമാണ് കണ്ടെത്തിയത്. ചെറിയ കഷണങ്ങളും ചീളുകളും ചേര്‍ന്നതാണിത്. ഇവ വില്‍പ്പനക്കുള്ളതാണെന്നാണ് സൂചന. പുളിയക്കോടുള്ള അബ്ദുള്‍ നാസറിന്റെ വീടിന് സമീപത്തുള്ള ഷെഡില്‍ നിന്നാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ ചന്ദനമര കഷണങ്ങള്‍ പിടികൂടിയത്.
ചന്ദനവ്യാപാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂചനകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തുടരന്വേഷണം കൊടുമ്പുഴ വനം സ്‌റ്റേഷന്റെ നേതൃത്വത്തിലായിരിക്കും നടത്തുകയെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.