
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത് മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്ന പേരാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധിയുടേത്. രേണുവിന്റെ കാര്യത്തിൽ ഒടുവിൽ പ്രേക്ഷകരുടെ പ്രവചനം ശരിയായിരിക്കുകയാണ്. ഷോ ആരംഭിച്ച ആദ്യ ദിവസങ്ങളിൽ വളരെ ആക്ടീവ് ആയിരുന്ന രേണു. എന്നാൽ പിന്നീട് അങ്ങോട്ട് രേണു പുറകോട്ട് പോകുന്ന കാഴ്ചയാണ് കാണാനായത്. രേണുവിന് ഹൗസിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അതിനിടെ വീട്ടിൽ പോകണമെന്ന ആവശ്യവും രേണു ബിഗ് ബോസിനോട് ആവശ്യപ്പെട്ടു തുടങ്ങി. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയവും ആയിരുന്നു.
ഒടുവിലിതാ രേണുവിന്റെ ആവശ്യം നിറവേറ്റിയിരിക്കുകയാണ് ബിഗ് ബോസ്. ഇതുമായി ബന്ധപ്പെട്ട ഒരു ബിഗ് ബോസ് കാർഡ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 'വീട്ടിലേക്കുള്ള വഴി കാണിക്കാമോ?' എന്ന തലക്കെട്ടോടെ വ്യത്യസ്ത വഴികളുള്ള പാറ്റേണും ഒരു വീടും അതിന് താഴ് ഭാഗത്തായി രേണു സുധിയും നിൽക്കുന്ന ഒരു കാർഡാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
“എപ്പോഴും ഇതുതന്നെ പറഞ്ഞാൽ പിന്നെ വേറെ എന്താണ് വഴി… അല്ലേ?”, എന്നാണ് കാർഡ് പങ്കിട്ടുകൊണ്ടു കുറിച്ചിരിക്കുന്ന വാക്കുകൾ. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. “പാവം അല്ലെ. അവിടെ കുറച്ചു ദിവസം നിന്നോട്ടെ”, എന്ന് പറയുന്നവരും ഉണ്ട്. ചിലർ എ, ബി, സി എന്നീ വഴികളിൽ രേണുവിന് പോകാൻ പറ്റുന്ന വഴി ഏതാണെന്ന് കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.