
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അറുപത്തിയൊമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഫൈനലിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. മത്സരാർത്ഥികളുടെ വാശീയേറിയ പോരാട്ടത്തിൽ ഇനി ആരൊക്കെ പുറത്ത് പോകുമെന്നും ആരൊക്കെ ടോപ്പ് ഫൈവിൽ എത്തുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം എവിക്ഷൻ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക്, ഷാനവാസിനോട് പൊട്ടിതെറിക്കുന്ന മോഹൻലാലിനെയാണ് കാണാനായത്. പി.ആർ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ അനീഷിനെതിരെയും മോഹൻലാൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതിനിടെ, ഷാനവാസും ആദിലയും തമ്മിലുള്ള സംസാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
താൻ ആദിലയെയും നൂറയെയും തന്റെ സഹജീവികളായിട്ടാണ് കാണുന്നതെന്നാണ് ഷാനവാസ് പറയുന്നത്. തന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെങ്കിൽ താൻ അവരെ മാറ്റി നിർത്തില്ലെന്നും ഷാനവാസ് പറയുന്നു. "ഞാൻ നിങ്ങളെ മനുഷ്യ കുഞ്ഞുങ്ങളായിട്ടാണ് കാണുന്നത്. എനിക്ക് മനുഷ്യത്വം ആണ് ഉള്ളത്. എന്റെ മക്കൾ ആണെങ്കിൽ ഞാൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കില്ല. കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ല. ഉപദ്രവിക്കില്ല." - ഷാനവാസ് പറഞ്ഞു.
"എനിക്ക് ഇഷ്ടമല്ലാത്തതോ, ഉൾക്കൊള്ളാനാവത്തതോ ആയ കാര്യങ്ങൾ ആണ് അവർ ചെയ്യുന്നതെങ്കിൽ കുറച്ചൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും. പിന്നെ ഇത് കാലം മാറി. കാലഘട്ടം മാറി. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് അവര് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടെ. എന്റെ ചോരയാണ് അത്. ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക." - എന്നാണ് ഷാനവാസ് ആദിലയോട് പറയുന്നത്.