തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കൾ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്തു.
സർക്കാർ ധൂർത്ത് ഒഴിവാക്കിയാൽ ഓണറേറിയം കൊടുക്കാമെന്ന് തിരുവനന്തപുരത്തെ സമരവേദിയിൽ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. "വന്നപ്പോൾ തോന്നുന്നത് തീവ്രമായ വികാരം. ധീരതയുടെ പര്യായമാണ് കണ്ടത്. 50 ദിവസം കിടന്നിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല. സർക്കാർ ധൂർത്ത് ഒഴിവാക്കിയാൽ ഓണറേറിയം കൊടുക്കാം. ആരോഗ്യ മന്ത്രിയും സ്ത്രീയാണ്. ഒരു കാര്യം പോലും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും." - സുരേന്ദ്രൻ വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. ഒന്ന് സംസാരിക്കാൻ പോലും തയ്യാറല്ല. ആശാവർക്കർമാർക്ക് എന്ത് സഹായം ചെയ്യാനും ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഓണറേറിയം വര്‍ധിപ്പിക്കണം, ദിവസവേതനം 700 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം, പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.