തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാൻ അവകാശമില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പാർട്ടിയുടെ പ്രാഥമിക അംഗമായിപ്പോലും തുടരാൻ പറ്റില്ലെന്ന് കോൺഗ്രസ് തീരുമാനിച്ച ആളെയാണ് പാലക്കാട്ടുകാർ ചുമക്കേണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ജനങ്ങൾ ചൂലെടുക്കുമെന്നും വി മുരളീധരൻ വിമർശിച്ചു.
പൊതുസമൂഹവും മാധ്യമപ്രവർത്തകരും കോൺഗ്രസുകാരുമുൾപ്പെടെയുള്ളവരാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. വീട്ടിൽ കയറ്റാൻ പറ്റാത്ത തരത്തിലുള്ള ആളാണെന്ന് വരെയാണ് പറയുന്നത് കേട്ടു. ഇത്രയധികം പരാതി ഉയർന്നിട്ടും രാഹുലിനെതിരായ നടപടി കോൺഗ്രസിന്റെ ഒത്തുകളിയാണ്. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്.
പീഡനവീരനെ പുറത്താക്കിയതിലാണ് വി ഡി സതീശന് ഹൃദയവേദന. ഇരകളാക്കപ്പെട്ട സ്ത്രീകളെ കുറിച്ച് ഒരു വേദനയുമില്ല. ജനപ്രതിനിധിയായ ഒരാൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയും സ്വഭാവ രീതിയും സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.രാഹുൽ പാർട്ടിയുടെ ഭാഗമല്ലാത്ത സാഹചര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് ജന പ്രതിനിധിയില്ലാത്ത അവസ്ഥയുണ്ടാകും.
പാലക്കാട്ടുകാർക്ക് ജനപ്രതിനിധി വേണ്ടെന്നാണോ കോൺഗ്രസുകാരുടെ ആഗ്രഹം. അവർ പാലക്കാട്ടുകാരോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാഹുൽ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത്രയധികം സ്ത്രീകളുടെ പരാതികൾ വരുമോയെന്നും മുരളീധരൻ പരിഹസിച്ചു.