
തിരുവോണസദ്യ ഒരുക്കുമ്പോൾ എരിശേരി നിർബന്ധം ആണ്. എന്തെന്നാൽ എരിശേരിയിൽ വറുത്ത തേങ്ങ ചേർക്കുമ്പോൾ ഉയരുന്ന ഗന്ധം ആസ്വദിച്ചു മഹാബലി എത്തുമെന്നാണ് പഴമക്കാരുടെ വിശ്വാസം.
ആവശ്യമായ ചേരുവകൾ
ചേന – 300 ഗ്രാം
മത്തങ്ങ – 500 ഗ്രാം
മഞ്ഞൾപ്പൊടി – ഒരു ടേബിൾ സ്പൂൺ
മുളക് പൊടി –ഒരു സ്പൂൺ.
കുരുമുളക് പൊടി– 25 ഗ്രാം
വെളിച്ചെണ്ണ –100 ഗ്രാം
ഉപ്പ് –പാകത്തിന്
തേങ്ങ – 3 മുറി ( ചുരണ്ടിയത്).
ജീരകം –ഒരു ചെറിയ സ്പൂൺ
കറിവേപ്പില –ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചേനയും മത്തങ്ങയും ചെറിയ കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും മുളകു പൊടിയും കുരുമുളകു പൊടിയും ചേർത്ത് നന്നായി വേവിക്കുക. ഒരു തേങ്ങ ചുരണ്ടി മാറ്റി വയ്ക്കുക. ചേനയും മത്തങ്ങയും നന്നായി വെന്തതിനുശേഷം ഒരു മുറി തേങ്ങ ചുരണ്ടിയതും ജീരകവും ചേർത്ത് അരച്ചത് വേവിച്ച കൂട്ടിൽ ചേർത്ത് ഇളക്കണം. വെള്ളം വറ്റി കുറുകിയതിനു ശേഷം അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
മാറ്റി വച്ച തേങ്ങ ചുരണ്ടിയത് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് ചൂടോടെ കറിയിൽ ചേർത്ത് ഇളക്കുക. കറിവേപ്പിലയും കടുകു വറുത്തതും അൽപം വെളിച്ചെണ്ണയും കൂടി ചേർത്താൽ ഏരിശേരി തയ്യാർ.