കൊച്ചി: മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മാത്യു കുഴൽനാടൻ. കൗൺസിലർമാരുടെ ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കിൽ അത് എല്ലാ കാര്യത്തിലും ബാധകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്റെ പേരെടുത്തു പറയാതെയായിരുന്നു കുഴൽനാടന്റെ വിമർശനം.(If majority is the only criterion, then let it be implemented at all levels of the party, says Mathew Kuzhalnadan on Kochi Mayor selection)
ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് വേറൊരു നീതിയും പാടില്ല. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം മാത്രം നോക്കിയല്ല കോൺഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടുള്ളത്. ഇനി മുതൽ ഭൂരിപക്ഷം മാത്രമാണ് മാനദണ്ഡമെങ്കിൽ അത് പാർട്ടിയുടെ എല്ലാ തലങ്ങളിലും നടപ്പിലാക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു.
സംഘടനാരംഗത്ത് സജീവമായി നിൽക്കുന്നവർക്ക് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരും. എന്നാൽ പാർട്ടിക്കകത്ത് നേരിട്ട് വരുന്നവർക്ക് അത്തരം പ്രശ്നങ്ങളുണ്ടാകില്ല. അത്തരക്കാർക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കില്ലാത്തതിനാലാണ് അവർക്ക് എതിർപ്പുകൾ ഇല്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ ആർക്കും ആരെയും എന്നെന്നേക്കുമായി മാറ്റിനിർത്താൻ കഴിയില്ലെന്ന് കുഴൽനാടൻ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേതൃത്വത്തിനെതിരെ അദ്ദേഹം നേരിട്ട് രംഗത്തെത്തിയത്.