'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, അച്ചടക്ക നടപടി എടുത്താൽ ബാക്കി അപ്പോൾ പറയും, താഴെത്തട്ടിൽ പണിയെടുത്തവരുടെ മുഖത്ത് അടിക്കുന്നതിന് തുല്യം': ലാലി ജെയിംസ് | Mayor

നിജി ജസ്റ്റിന് വ്യക്തിപരമായ പിന്തുണ നൽകില്ലെന്നും അവർ പറഞ്ഞു
'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, അച്ചടക്ക നടപടി എടുത്താൽ ബാക്കി അപ്പോൾ പറയും, താഴെത്തട്ടിൽ പണിയെടുത്തവരുടെ മുഖത്ത് അടിക്കുന്നതിന് തുല്യം': ലാലി ജെയിംസ് | Mayor
Updated on

തൃശൂർ: മേയർ പദവി പണം വാങ്ങി വിറ്റെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അച്ചടക്ക നടപടിയെടുത്താൽ നേതാക്കളുടെ കള്ളത്തരങ്ങൾ തുറന്നുപറയുമെന്നും കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായ പിന്തുണ നൽകില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(If disciplinary action is taken, the rest will be revealed then, says Lali James against Mayor selection )

പാർട്ടിയോടുള്ള കൂറ് നിലനിർത്തി പാർട്ടി പ്രതിനിധിക്ക് വോട്ട് ചെയ്യും. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നിർദ്ദേശം മാനിച്ചാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. അദ്ദേഹമാണ് തന്റെ രാഷ്ട്രീയ ഉപദേഷ്ടാവ്. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാൽ പലരുടെയും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

"തൃശൂർ മേയറെ തീരുമാനിക്കുന്നത് കെ.സി. വേണുഗോപാലും ദീപദാസ് മുൻഷിയുമാണെങ്കിൽ അത് താഴെത്തട്ടിൽ പണിയെടുത്തവരുടെ മുഖത്തടിക്കുന്നതിന് തുല്യമാണ്. മടിയിൽ കനമുള്ളവന്റെ കൂടെ ആളുകൾ കൂടുന്ന ചരിത്രമാണ് ഇവിടെയുള്ളതെന്ന് നഗരവാസികൾക്കറിയാം," ലാലി തുറന്നടിച്ചു. ഭരണപരിചയമില്ലാത്ത നിജി ജസ്റ്റിനെ വ്യക്തിപരമായി പിന്തുണയ്ക്കില്ല. തന്നെ തഴഞ്ഞത് ചില്ലിക്കാശ് കയ്യിലില്ലാത്തത് കൊണ്ടാണെന്നും ജനസേവനം മാത്രമാണ് തന്റെ മുഖമുദ്രയെന്നും അവർ കൂട്ടിച്ചേർത്തു.

ജോസഫ് ടാജറ്റ് എന്നാണ് ഡിസിസി പ്രസിഡന്റ് ആയതെന്ന് ലാലി പരിഹസിച്ചു. തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് തേറമ്പിൽ രാമകൃഷ്ണനാണെന്നും പാർട്ടിയെന്നാൽ നാലോ അഞ്ചോ നേതാക്കളല്ലെന്നും അവർ വ്യക്തമാക്കി. ഭരണമെന്നത് ഓരോരുത്തർക്കും വായടപ്പിക്കാൻ പകുത്തുനൽകേണ്ടതല്ലെന്നും ജനക്ഷേമത്തിനുള്ള അവസരമാണെന്നും അവർ ഓർമ്മിപ്പിച്ചു. നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ടെങ്കിലും, സത്യപ്രതിജ്ഞയ്ക്ക് മുൻപേ ഉടലെടുത്ത ഈ പരസ്യമായ ഭിന്നത കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com