തിരുവനന്തപുരം: കൊച്ചി മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ ഗ്രൂപ്പ് താല്പര്യങ്ങൾ സംരക്ഷിച്ചുവെന്ന ആരോപണങ്ങൾക്കിടെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ. കോൺഗ്രസ് ഭരണത്തിലുള്ള നാല് കോർപ്പറേഷനുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. (If Deepthi has a complaint, we will look into it, Sunny Joseph about Kochi Mayor selection issue)
കൊച്ചിയിൽ ഒന്നിലധികം പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്താണ് അന്തിമമായി ഒരാളിലേക്ക് എത്തിയത്. ആ പേര് എല്ലാവരും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസിന് എന്തെങ്കിലും പ്രയാസമോ പരാതിയോ ഉണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കും. ഭാരവാഹികൾക്ക് നൽകേണ്ട പരിഗണനയും കൗൺസിലർമാരുടെ പിന്തുണയും നോക്കിയാണ് വി.കെ. മിനിമോളെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.