തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ? സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും വേണുവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു. ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘ഒരു ആന്‍ജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം. ഈ ദിവസത്തിനുള്ളിൽ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ആരോഗ്യം വഷളായാൽ എന്തു ചെയ്യും. എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താൻ സാധിക്കുമോ. എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവർ കാണിക്കുന്നത്. എനിക്കിത് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്.അത്രമാത്രം സങ്കടം വന്നിട്ടാണ് താന്‍ ഈ സന്ദേശം അയക്കുന്നതെന്നും ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണം,ശബ്ദ സന്ദേശത്തിൽ വേണു പറയുന്നു.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വേണുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസമായിട്ടും ആന്‍ജിയോഗ്രാം, എക്കോ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല.