

രാജകുമാരി: ഇടുക്കി രാജകുമാരിയിൽ 80 വയസ്സുകാരിയെ വീടിനുള്ളിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. മറിയക്കുട്ടിയുടെ മകളുടെ മകൻ സൈബു തങ്കച്ചനും (33) ഇയാളുടെ സുഹൃത്ത് അനിലയുമാണ് (31) കേസിലെ മുഖ്യ ആസൂത്രകർ. പാലക്കാടു നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 16-നായിരുന്നു ക്രൂരമായ കവർച്ച നടന്നത്. ടോമിയുടെ അമ്മ മറിയക്കുട്ടിയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട ശേഷം ഒരു പവൻ തൂക്കം വരുന്ന മൂന്ന് സ്വർണ്ണ മോതിരങ്ങളും 3000 രൂപയും പ്രതികൾ കവരുകയായിരുന്നു.മോഷണത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്. ഇത് പ്രധാന പ്രതിയായ അൽത്താഫിന്റെ സഹോദരന്റേതായിരുന്നു. തുടർന്ന് അൽത്താഫിന്റെ സുഹൃത്ത് സോണിയയെ പോലീസ് ആദ്യം പിടികൂടി. സോണിയയെ ചോദ്യം ചെയ്തതോടെയാണ് സൈബുവിന്റെ പങ്ക് വെളിപ്പെട്ടത്.
കഞ്ചാവ് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സൈബു അവിടെ വെച്ചാണ് അൽത്താഫിനെ പരിചയപ്പെടുന്നത്. തന്റെ വീട്ടിലെ സാഹചര്യങ്ങൾ സൈബു അൽത്താഫിന് വിവരിച്ചുകൊടുക്കുകയും ഒരു വിവാഹദിവസം വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി മോഷണം പ്ലാൻ ചെയ്യുകയുമായിരുന്നു.
സൈബു കാറിലാണ് രണ്ട് വനിതാ പ്രതികളെ രാജകുമാരിയിലെ വീട്ടിലെത്തിച്ചത്. അൽത്താഫ് ബൈക്കിലും എത്തി. മോഷണത്തിന് ശേഷം അൽത്താഫും മറ്റു പ്രതികളും സൈബുവിന്റെ കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.
അറസ്റ്റിലായ സൈബുവിനെയും അനിലയെയും കോടതി റിമാൻഡ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.