ഇടുക്കി: നിർമ്മാണത്തിന് ശേഷമുള്ള ഏറ്റവും വലിയ അറ്റകുറ്റപ്പണികൾക്കായി ഇടുക്കി ജലവൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം താത്കാലികമായി അടച്ചിടും. മൂലമറ്റം പവർഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ ഒരേസമയം നടത്തുന്നതിനാണ് പ്രവർത്തനം നിർത്തുന്നത്. ഇതോടെ, ഒരു മാസം കൊണ്ട് സംസ്ഥാനത്ത് 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകും.(Idukki power house to be shut down for a month from tomorrow, Daily production will be halved)
നവംബർ 11 മുതൽ ഡിസംബർ 10 വരെയുള്ള നീണ്ട കാലയളവിലാണ് പവർഹൗസ് ഭാഗികമായി അടച്ചിടുന്നത്. ആകെ ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവിന്റെ സീലുകൾ തേഞ്ഞുപോയതാണ് പ്രധാന കാരണം. ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
ഈ ജനറേറ്ററുകൾക്കൊപ്പം നാലാമത്തെ ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തിവെക്കും. പ്രതിദിന ഉത്പാദനം 780 മെഗാവാട്ടിൽ നിന്ന് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. സാധാരണയായി, മഴ കുറവുള്ള സമയത്ത് ഓരോ ജനറേറ്ററിനും ഒറ്റക്കൊറ്റക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് പതിവ്. എന്നാൽ ഇക്കുറി കനത്ത മഴ ലഭിച്ചതിനാൽ വൈദ്യുതോത്പാദനം കൂടുകയും പരിഹാരം വൈകുകയും ചെയ്തു. ഇതോടെയാണ് മൂന്ന് ജനറേറ്ററുകൾ ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വന്നത്.
വൻതോതിലുള്ള ഉത്പാദനക്കുറവ് ഉണ്ടാകുമെങ്കിലും, സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. ഉത്പാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഈ വൈദ്യുതി അഞ്ച് ശതമാനം അധിക യൂണിറ്റുകളോടെ അടച്ചിടൽ കാലയളവിൽ തിരികെ ലഭിക്കും.
ഇടുക്കി നിലയം അടയ്ക്കുന്നതോടെ മലങ്കര ജലാശയത്തിലേക്ക് വെള്ളം എത്താത്തതിനാൽ നിരവധി കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ: വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ലെന്നും കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്നുമാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. നിലവിൽ ഇടവിട്ടുള്ള മഴ ലഭിക്കുന്നത് സാഹചര്യം അനുകൂലമാക്കുമെന്നും അധികൃതർ പറയുന്നു.