

മുട്ടം (ഇടുക്കി): മക്കളില്ലാത്ത മാതൃസഹോദരിയെ സംരക്ഷിക്കാനെന്ന വ്യാജേന ഒപ്പം താമസിച്ച്, ഒടുവിൽ സ്വത്ത് വിഭജിച്ചു നൽകാൻ തീരുമാനിച്ചതിലുള്ള പകയിൽ കൊലപ്പെടുത്തിയ പ്രതിക്ക് കോടതി കഠിനശിക്ഷ വിധിച്ചു. സരോജിനി (72) എന്ന വൃദ്ധയെയാണ് സഹോദരീപുത്രനായ സുനിൽകുമാർ ആസൂത്രിതമായി കൊലപ്പെടുത്തിയത്.
സരോജിനിയുടെ സ്വത്ത് മുഴുവൻ തനിക്ക് ലഭിക്കുമെന്ന് സുനിൽകുമാർ കരുതിയിരുന്നു. എന്നാൽ സരോജിനി തന്റെ രണ്ട് സഹോദരിമാരുടെ ഒമ്പത് മക്കൾക്കുമായി സ്വത്ത് തുല്യമായി വീതംവെച്ച് വിൽപ്പത്രം തയ്യാറാക്കി. ഇതാണ് സുനിൽകുമാറിനെ പ്രകോപിപ്പിച്ചത്.
2021 മാർച്ച് 30-ന് രാത്രിയായിരുന്നു സംഭവം. മുൻകൂട്ടി കരുതിവെച്ച മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ചാണ് സരോജിനിയെ തീവെച്ച് കൊന്നത്. വീട്ടിലെ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നതാണെന്ന് വരുത്തിത്തീർക്കാൻ റെഗുലേറ്റർ തുറന്നുവിടുകയും വീട്ടുപകരണങ്ങൾക്ക് തീയിടുകയും ചെയ്തു. മർദനമേറ്റ പാടുകളും മൃതദേഹത്തിന്റെ അവസ്ഥയും കണ്ട് പോലീസിന് തോന്നിയ സംശയമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്. പ്രതി 1,50,000 രൂപ പിഴയും ഒടുക്കണം. മണ്ണെണ്ണയും പെട്രോളും വാങ്ങി സൂക്ഷിച്ചതുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മുട്ടം എസ്.എച്ച്.ഒ വി. ശിവകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്‌സ് കേസിനായി ഹാജരായി.