ഇടുക്കി ആസിഡ് ആക്രമണം: സഹോദര പുത്രനെ കൊലപ്പെടുത്തിയ വയോധികയും മരിച്ചു | Acid attack

പൊള്ളലേറ്റ തങ്കമ്മ പോലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു
ഇടുക്കി ആസിഡ് ആക്രമണം: സഹോദര പുത്രനെ കൊലപ്പെടുത്തിയ വയോധികയും മരിച്ചു | Acid attack
Published on

ഇടുക്കി : സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ, ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി കുറ്റിയാനിയിൽ തങ്കമ്മയാണ് (65) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.(Idukki acid attack, Elderly woman who killed nephew also dies)

ഈ മാസം 24-നാണ് ഇടുക്കി കുഴിത്തൊളുവിന് സമീപം നിരപ്പേൽ കടയിൽ വെച്ച് തങ്കമ്മ സഹോദരപുത്രനായ സുകുമാരനെ (62) ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. ആസിഡ് ആക്രമണത്തിൽ സുകുമാരൻ സംഭവദിവസം തന്നെ മരിച്ചിരുന്നു. സുകുമാരന്റെ അച്ഛൻ്റെ സഹോദരിയാണ് തങ്കമ്മ.

തങ്കമ്മയുടെ സ്വർണാഭരണങ്ങളിൽ ചിലത് സുകുമാരൻ വാങ്ങി പണയം വെച്ചിരുന്നു. ഏറെ നാളായിട്ടും ഇത് തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു.

സുകുമാരന്റെ ഭാര്യയും മക്കളും വിദേശത്താണ്. സംഭവം നടക്കുന്നതിൻ്റെ 15 ദിവസം മുൻപാണ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തിയത്. സംഭവത്തിൻ്റെ തലേദിവസം ഇരുവരും തമ്മിൽ സ്വർണത്തെച്ചൊല്ലി രൂക്ഷമായ തർക്കം ഉണ്ടായിരുന്നു.

ആസിഡ് ആക്രമണത്തിനിടെ പൊള്ളലേറ്റ തങ്കമ്മ പോലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുകുമാരനെ നാട്ടുകാരാണ് ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com