'രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടും': NM വിജയൻ്റെ ആത്മഹത്യയിൽ പ്രതി ചേർത്ത നടപടിയിൽ IC ബാലകൃഷ്ണൻ MLA | NM Vijayan

ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
IC Balakrishnan MLA on being accused in NM Vijayan's suicide case
Published on

വയനാട്: എൻ.എം. വിജയൻ്റെ ആത്മഹത്യയിൽ പ്രതിചേർത്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. കേസിനെ നിയമപരമായി നേരിടുമെന്നും എം.എൽ.എ. വ്യക്തമാക്കി. കേസിൽ ഭയപ്പാടില്ലെന്നും കോടതി നിർദ്ദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(IC Balakrishnan MLA on being accused in NM Vijayan's suicide case )

കുറ്റപത്രം സമർപ്പിച്ചു

ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് കേസിലെ ഒന്നാം പ്രതി. വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രണ്ടും കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ മൂന്നും പ്രതികളാണ്. പ്രത്യേക അന്വേഷകസംഘം തലവൻ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രധാന തെളിവുകൾ

പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ നൂറോളം സാക്ഷിമൊഴികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഇടപാട് രേഖകൾ, നേതാക്കളും വിജയനുമായി നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പിങ്ങുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ, വിജയൻ്റെ ഡയറിയിലെ വിശദാംശങ്ങൾ എന്നിവയെല്ലാം കോടതിയിൽ സമർപ്പിച്ച തെളിവുകളിൽപ്പെടുന്നു. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും പ്രതികളുടെ പേരുകൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിജയന് ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവർ നിലവിൽ ജാമ്യത്തിലാണ്.

ശബ്ദപരിശോധന പുരോഗമിക്കുന്നു

രണ്ടാം പ്രതിയായ എൻ.ഡി. അപ്പച്ചൻ്റെ ശബ്ദസാമ്പിൾ തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം കോടതിക്ക് കൈമാറും.

വിജിലൻസ് കേസും നിലനിൽക്കുന്നു

2024 ഡിസംബർ 24-നാണ് എൻ.എം. വിജയനും മകനും വിഷം കഴിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27-ന് വിജയൻ മരിക്കുകയായിരുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഒന്നാം പ്രതിയാണ്. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വിജിലൻസ് ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com