
കൊച്ചിയില്‍ തങ്ങളുടെ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍ (ഇഐസി) ആരംഭിച്ച് ഐബിഎം. സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, അക്കാദമിക മേഖലകള്‍ എന്നിവയിലുടനീളമുള്ള നവീകരണം, സംരംഭകത്വം, സഹകരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഐബിഎമ്മിന്റെ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍. പ്രാരംഭദശയിലുള്ള സംരംഭങ്ങള്‍, നൈപുണ്യവികസനം, സഹ നവീകരണം എന്നിവയ്ക്കായി ഒരു ഹബ്ബായി പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍ കൊച്ചിയെ ഡീപ് ടെകിന്റെ വളര്‍ന്നുവരുന്ന കേന്ദ്രമാക്കി മാറ്റും.
വിവിധങ്ങളായ പദ്ധതികളിലൂടെ കേരളത്തിന്റെ ഇന്നോവേഷന്‍ ഇക്കോസിസ്റ്റത്തില്‍ ഇഐസി ഘടനാപരമായ പിന്തുണ നല്‍കുകയും അടുത്തതലമുറയിലെ നവീന സംരംഭകര്‍ക്കായി ഒരു ലോഞ്ച്പാഡായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഐബിഎം സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്സു(എസ്എംഇ) മായി ഓരോ പാദത്തിലുമുള്ള കൂടിക്കാഴ്ചകള്‍, പ്രൂഫ് ഓഫ് കണ്‍സപ്റ്റ്സ് (പിഒസി) വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശവും മെന്റര്‍ഷിപ്പും, ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പുകള്‍, ഹാക്കത്തോണുകള്‍, തുടര്‍ പഠനങ്ങള്‍ക്കും നൈപുണ്യ വികസനത്തിനുമായി അക്കാദമിക് പാഠ്യപദ്ധതിയുമായി സംയോജനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഐബിഎമ്മിന്റെ ഐഎ, ഓട്ടോമേഷന്‍ സൊല്യൂഷനുകളുടെ നിര്‍മ്മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സോഫ്റ്റ്വെയര്‍ ലാബ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ലാബിലുള്ള ജെനറേറ്റീവ് എഐ ഇന്നോവേഷന്‍ സെന്ററിനെ അടിസ്ഥാനമാക്കിയാണ് സെന്റര്‍ സജ്ജമാക്കുന്നത്. 2024ല്‍ സഹആതിഥേയത്വം വഹിച്ച ജെന്‍ എഐ കോണ്‍ക്ലേവിലൂടെ സാധ്യമായ കുതിപ്പ് മുന്നോട്ട് കൊണ്ടുപോകുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഐബിഎം സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് കെഎസ്‌ഐഡിസി എംഡി മിർ മുഹമ്മദ് അലി, എബിഎം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്‌സ് വൈസ് പ്രസിഡന്റ് വിശാല്‍ ചഹല്‍ എന്നിവര്‍ ചേര്‍ന്ന് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സര്‍ക്കാര്‍ തലത്തിലും ഇന്‍ഡിസ്ട്രിയിലുമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് പറഞ്ഞു വ്യവസായമന്ത്രി. കേരളത്തിലെ പുരോഗമനപരമായ സാമൂഹ്യസാഹചര്യം സ്വതന്ത്രചിന്തയെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതായതിനാല്‍ ഇനോവേഷന് വലിയ സാധ്യതയാണുള്ളത്. - വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
കഴിവിന്റേയും നവീനതയുടേയും ശരിയായ സംയോജനത്തിലൂടെ ഒരു ഡീപ് ടെക് ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ കൊച്ചി അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പങ്കാളികളുമായുള്ള പ്രാദേശിക സഹകരണം, നൈപുണ്യ വികസനം, നൂതനത്വം എന്നിവയോടുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്ക്, അക്കാദമിയ തുടങ്ങിയവയുമായുള്ള പങ്കാളിത്തം മുഖേന, ഞങ്ങളുടെ ക്ലയിന്റുകളുടെ ഹൈബ്രിഡ് ക്ലൗഡ്, എഐ ആവശ്യങ്ങള്‍ക്കായുള്ള സോഫ്റ്റ്വെയറുകളുടെ വിപുലീകരണമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - ഐബിഎം സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു.