തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ കാരണം ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണമാണെന്ന് പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്നു സുകാന്ത് പിന്മാറുകയായിരുന്നുവെന്നും ആത്മഹത്യ പ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു. സുകാന്തിന്റെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, സുകാന്തിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. ഒളിവിൽപോയ സുകാന്തിനായി കേരളത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് പെൺകുട്ടിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024ൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. 2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികളാണെന്നാണ് പറഞ്ഞിരുന്നത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തും സുകാന്ത് വ്യാജമായി ഉണ്ടാകുകയും ആശുപത്രിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിന്‍റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് പെൺകുട്ടിക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഈ യുവതി ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അതോടെ, ആ യുവതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.