
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശക്തയായ മത്സരാർഥിയാണ് സീരിയൽ-സിനിമാ താരം ഡോ. ബിന്നി സെബാസ്റ്റ്യൻ. വീട്ടിനുള്ളിൽ വാശിയേറിയ പോരാട്ടമാണ് ബിന്നി നടത്തുന്നത്. ഭാര്യക്ക് കട്ട സപ്പോർട്ടുമായി ഭർത്താവും നടനുമായ നൂബിൻ പുറത്തുണ്ട്. ഇപ്പോൾ ബിന്നിയെ കുറിച്ച് നൂബിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരഭിമുഖത്തിലാണ് നൂബിന്റെ വെളിപ്പെടുത്തൽ.
ബിന്നി നോമിനേഷനിൽ വന്നുവെന്ന് അറിഞ്ഞാൽ പിന്നെ ടെൻഷനാണെന്നും ചങ്കിന് വേദന എടുക്കുമെന്നുമാണ് നൂബിൻ പറയുന്നത്. "ബിന്നി നോമിനേഷനിൽ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ തനിക്ക് ചങ്കിടിപ്പ് കൂടും. തന്റേയും അവളുടേയും വീട്ടിലുള്ളവരെല്ലാം ഫുൾ സപ്പോർട്ടാണ്. അതുകൊണ്ട് അവർ പുറത്തിറങ്ങി അറിയാവുന്ന ആളുകളെ കൊണ്ടെല്ലാം വോട്ട് ചെയ്യിപ്പിക്കും. ആശുപത്രിയിലേക്ക് പോയ വഴി മമ്മി ഓട്ടോ ചേട്ടനെകൊണ്ട് വരെ ഹോട്ട്സ്റ്റാർ ഓപ്പൺ ചെയ്യിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചു." - നൂബിൻ പറയുന്നു.
"ബിന്നിക്ക്, ബിഗ് ബോസിൽ കിട്ടിയെന്ന് താൻ തന്റെ സഹപ്രവർത്തകയോട് പറഞ്ഞപ്പോൾ, 'നല്ല കുടുംബത്തിൽ പിറന്നവർ ആരും ആ ഷോയിൽ പങ്കെടുക്കാൻ പോവില്ല' എന്നായിരുന്നു മറുപടി ലഭിച്ചത് ഇത് കേട്ട് തനിക്ക് വിഷമം വന്നു. വീണ്ടും പറഞ്ഞപ്പോൾ താൻ ചൂടായി." - നൂബിൻ വെളിപ്പെടുത്തി.
"ബിന്നി കള്ള ഡോക്ടറാണ്, പഠിച്ചിട്ടില്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എന്നാൽ അത് സത്യമല്ല. അന്തസായിട്ട് ചൈനയിൽ പഠിച്ച് തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതി പാസായതാണ്." - നൂബിൻ പറയുന്നു.
"ബിന്നി പറഞ്ഞ കഥയിലെ വില്ലത്തിയായ ആന്റി ഇപ്പോഴുമുണ്ട്. ആ ആന്റി ബിന്നിയുടെ ലൈഫ് സ്റ്റോറി പുറത്ത് വന്നശേഷം അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് താൻ അറിഞ്ഞത്. ആന്റിയുടെ വേറെയും കഥകളുണ്ട്. അതൊന്നും പുറത്ത് പറയാൻ പറ്റില്ല."- നൂബിൻ പറഞ്ഞു.