കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്ന കള്ള ആരോപണമുയർത്തി സി.പി.ഒ.യുടെ പണം തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷൻ എസ്.ഐ. കെ.കെ. ബൈജുവിനെ സസ്‌പെൻഡ് ചെയ്തു. എസ്.ഐ. ഉൾപ്പെട്ട സംഘം ഒരു പോലീസുകാരനിൽ നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതിയാണ് കെ.കെ. ബൈജു. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
സെപ്റ്റംബർ എട്ടിന് വൈകിട്ട് 5.30-നാണ് പോലീസുകാരൻ സ്പായിൽ എത്തിയത്. പിറ്റേന്ന് രാവിലെ രമ്യ പോലീസുകാരനെ ഫോണിൽ വിളിച്ച്, മസാജ് ചെയ്യുന്നതിനിടെ ഊരിവെച്ച മാല എടുത്തിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്നും അല്ലെങ്കിൽ ആറര ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്ന് പോലീസുകാരൻ പറഞ്ഞെങ്കിലും രമ്യ ആരോപണത്തിൽ ഉറച്ചുനിന്ന് പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ, രണ്ടാംപ്രതിയായ ഷിഹാം പോലീസുകാരനെ ഫോണിൽ വിളിച്ച്, സ്പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഈ ഭീഷണിയിൽ വഴങ്ങി പോലീസുകാരൻ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ബൈജു മുഖേന പ്രതികൾക്ക് കൈമാറിയെന്നാണ് പോലീസുകാരൻ്റെ മൊഴി.
സ്പായിലെ മാല മോഷണക്കേസ് പെട്ടെന്ന് ഒത്തുതീർന്നത് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എസ്.ഐ. ഉൾപ്പെട്ട തട്ടിപ്പ് പുറത്തുവന്നത്.കേസിൽ ഒന്നാം പ്രതിയായ കെ.കെ. ബൈജുവിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റ് ചില സ്പാ നടത്തിപ്പുകാരുമായി ഇടപാടുകൾ നടത്തിയതിന് കെ.കെ. ബൈജുവിനെതിരെ നിലവിൽ വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.