
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സരാർത്ഥിയായിരുന്നു രേണു സുധി. എന്നാൽ ഹൗസിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ രേണു പ്രേക്ഷകരെ നിരാശയിലാക്കി. പ്രേക്ഷകരുടെ പിന്തുണ ഉണ്ടായിട്ടും വോട്ടുകൾ ലഭിച്ചിട്ടും തനിക്ക് ഹൗസിൽ തുടരാൻ സാധിക്കില്ലെന്ന് രേണു ആവർത്തിച്ചു. ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും തന്നെ അലട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഹൗസിൽ നിന്ന് പോകാൻ അനുവദിക്കണമെന്നും രേണു ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഒടുവിൽ രേണുവിന്റെ ആവശ്യം ബിഗ് ബോസ് അംഗീകരിക്കുകയും പുറത്ത് വിടുകയും ചെയ്തു.
എന്നാൽ, ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ രേണു ഇപ്പോൾ വലിയ തിരക്കിലാണ്. നിരവധി ഷോട്ട് ഫിലിമുകളിൽ രേണുവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇവയില്ലെല്ലാം ഓടിനടന്ന് അഭിനയിക്കുകയാണ് താരം. അതിനിടിൽ ബിഗ് ബോസ് ഫിനാലേയ്ക്ക് താൻ വീണ്ടും ഹൗസിലേക്ക് പോകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരിക്കും അതെന്നും രേണു പറഞ്ഞു.
"ബിഗ് ബോസിൽ ഫിനാലേക്ക് വിളിച്ചാൽ പോലും അതൊക്കെ സന്തോഷമല്ലേ. എനിക്ക് ആരുമായും തർക്കം ഉണ്ടായിട്ടില്ല. ഗെയിമിന്റെ ഇടയിൽ എന്തേലും ഉണ്ടായെങ്കിലേ ഉള്ളൂ. വെളിയിൽ ഇറങ്ങിക്കഴിയുമ്പോൾ എല്ലാവരുമായും കമ്പനിയാകും. ബിഗ് ബോസിലെ സഹമത്സരാർത്ഥികൾ പലരും പറഞ്ഞിട്ടുണ്ടായിരുന്നു ചേച്ചിയെ ഞങ്ങൾ ഇങ്ങനെ അല്ല ഓർത്തത്, ഭയങ്കര സാധനമാണെന്നാണ്, പക്ഷെ നേരിട്ട് കണ്ടപ്പോൾ നല്ല കൂട്ടായെന്ന്. റെനയും ആദില-നൂറയും പ്രവീണുമൊക്കെ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
ആദിലയേയും നൂറയേയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോട് ഞാൻ അത് പറഞ്ഞിട്ടുമുണ്ട്. ബിഗ് ബോസിലേക്ക് കയറിയപ്പോൾ വലിയ സന്തോഷം തോന്നി. മോഹൻലാലിനെ പോലൊരു ലെജന്റ് ആയ മനുഷ്യൻ എന്നെ അതിലേക്ക് വിളിച്ച് കയറ്റുകയാണ്. സന്തോഷമുള്ള കാര്യമല്ലേ. ശരിക്കും ഹൗസ് ഒരു ലോകമാണ്. വ്യാഴാഴ്ചയാണ് ഞാൻ ദുബായിലേക്ക് പോകുന്നത്. ദെയ്റയിലാണ് പോകുന്നത്. പാപ്പിയോൺ എന്ന് പറഞ്ഞ റെസ്റ്റോറന്റിന്റെ പരിപാടിയാണ്. പാട്ടും ഡാൻസുമൊക്കെയായുള്ള പരിപാടികൾ ഉണ്ട്. ജീവിതത്തിലെ ആദ്യത്തെ ഇൻ്‍റർനാഷ്ണൽ ട്രിപ്പാണ്. വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, എക്സൈറ്റുമുണ്ട്. ബിഗ് ബോസ് ഞാൻ കണ്ടിന്യുവസ് ആയി കാണുന്ന ആളല്ല. അനീഷാണ് എന്റെ ഇഷ്ടമത്സരാർത്ഥി. സാധാരണക്കാരിൽ ഒരാൾ വിജയിക്കുന്നത് നല്ല കാര്യമല്ലേ." - രേണു പറഞ്ഞു.
ബിഗ് ബോസ് സീസൺ ഏഴിൽ രേണു സുധിക്കും അനുമോൾക്കും ആണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 50,000 രൂപയാണ് പ്രതിഫലം എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒരു ദിവസം അത്രയും പ്രതിഫലം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് രേണു വ്യക്തമാക്കി. "ഫേക്ക് ആയ ന്യൂസ് ആണ് എല്ലാം വരുന്നത്. ബിഗ് ബോസിൽ പോയതിന് ശേഷം നിറമൊക്കെ കൂടിയത് എസിയിൽ ഇരുന്നത് കൊണ്ടായിരിക്കണം. അലച്ചിലൊന്നും ഇല്ലല്ലോ, ബസിൽ കയറി ഇറങ്ങുകയൊക്കെ അല്ലേ. വീട്ടിൽ എസി വെയ്ക്കാനൊന്നും പ്ലാൻ ഇല്ല. വെച്ചാൽ ഞാൻ തന്നെ അടച്ച് തീർക്കണ്ടേ." - രേണു പറഞ്ഞു.