
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളായിരുന്നു സിജോയും അർജുൻ ശ്യാമും. ആ സീസണിൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആ ഒരു സൗഹൃദം ഉണ്ടായില്ല. ഇതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സിജോ. അർജുന്റെ മാറ്റം തന്നെ വേദനിപ്പിച്ചെന്നാണ് സിജോ പറയുന്നത്. ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിജോയുടെ വെളിപ്പെടുത്തൽ.
"ബിഗ് ബോസിൽ താൻ ഏറ്റവും കൂട്ട് അർജുനുമായാണ്. തന്റെ കല്യാണത്തിന് അർജുൻ പള്ളിയിൽ വന്നിരുന്നു. അർജുനെ കണ്ടപ്പോൾ പെട്ടെന്ന് ഭാര്യയുടെ അടുത്ത് നിന്ന് ഓടി വന്ന് അർജുനോട് മിണ്ടി. കൈ കൊടുത്തതിനു ശേഷം കാണണം എന്ന് പറഞ്ഞു. എന്റെ ഏറ്റവും നല്ലൊരു സുഹൃത്തിനെ കണ്ട ആകാംഷയിലാണ് താൻ ഓടി ചെന്നത്. ബിഗ് ബോസിൽ വച്ച്, 'തന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ മുന്നിൽ ഞാൻ ഉണ്ടാകും' എന്ന് അർജുൻ തമാശയായി പറഞ്ഞിരുന്നു. ബിഗ് ബോസിൽ വെച്ച് എപ്പോഴും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് തന്റെ നിശ്ചയത്തിന് വന്നില്ല. ബാച്ചിലേർസ് പാർട്ടിക്കും തന്റെ മനസമ്മതത്തിനും വന്നില്ല. വിവാഹത്തിനുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ പള്ളിയിൽ വന്ന ശേഷം പിന്നെ അർജുനെ കണ്ടില്ല." - എന്നാണ് സിജോ പറയുന്നത്.
വിവാഹത്തിന് സഹോദരന്റെ സ്ഥാനത്ത് നിന്ന് കാർ തുറന്ന് തന്നത് സായ് ആണെന്നും സിജോ പറയുന്നു. "അതെനിക്ക് ഹർട്ടായി. ബിഗ് ബോസിൽ സായിയേക്കാൾ കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത് അർജുനുമായാണ്. താൻ ഒരിക്കലും അർജുനെ കുറ്റപ്പെടുത്തുന്നതല്ല. ബിഗ് ബോസിൽ സൗഹൃദം കാത്ത് സൂക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവർ ഒന്നുമേയില്ല എന്ന് കാണുമ്പോൾ ഒരു വിഷമമാണ്." - സിജോ പറഞ്ഞു.