

ബിഗ് ബോസ് സീസൺ ഏഴ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കിയ സംഭവമായിരുന്നു ഷാനവാസ് കുഴഞ്ഞുവീണത്. കഴിഞ്ഞ ആഴ്ച കിച്ചണിൽ നെവിനുമായുള്ള കയ്യാങ്കളിക്കിടയിലായിരുന്നു സംഭവം. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ താരം രണ്ട് ദിവസത്തിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിവന്നത്.
"ഷോ ക്വിറ്റ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമോ?" എന്ന് താൻ ഭയന്നതായി ഷാനവാസ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഞാനും എന്റെ വീട്ടുകാരും അനുഭവിച്ച വേദനയും സമ്മർദവും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ലെന്നും ഷാനവാസ് പറയുന്നു. സാബുമാൻ, നൂറ എന്നിവരോട് സംസാരിക്കവേയാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്. ഈ സംഭവങ്ങളുടെ പേരിൽ തനിക്ക് നെവിനോട് പെട്ടെന്ന് സംസാരിക്കാനാവില്ലെന്നും ഷാനവാസ് വ്യക്തമാക്കുന്നു.
നെവിൻ കാരണമാണ് തനിക്ക് ബുദ്ധിമുട്ട് നേരിട്ടതെന്നാണ് ഷാനവാസ് പറയുന്നതു.കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലായപ്പോൾ 'ഷോയിൽ തുടരാനാകുമോ?' എന്ന് വലിയ ആശങ്കയുണ്ടായിരുന്നു. ഇത്രയും ദിവസം നിന്നിട്ട് ഇങ്ങനെ തിരിച്ച് പോവേണ്ടി വന്നാൽ അത് വലിയ തിരിച്ചടിയാവുമായിരുന്നു. 'ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ?' എന്ന് താൻ അവരോട് ചോദിച്ചിരുന്നു. 'ഞാനും എന്റെ വീട്ടുകാരും അനുഭവിച്ചത് ഞങ്ങൾക്ക് മാത്രമേ അറിയൂ. എന്റെ അവസ്ഥ കണ്ട് വീട്ടുകാർ എത്രത്തോളം വേദിനിച്ചിട്ടുണ്ടാവും' എന്നും ഷാനവാസ് ചോദിക്കുന്നു.
നെവിൻ പാലിന്റെ പാക്ക് എന്റെ നെഞ്ചത്തേക്ക് എറിഞ്ഞപ്പോഴാണ് എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലിന്റെ പാക്കറ്റ് ശക്തിയിൽ ആയിരുന്നില്ല തട്ടിയത് എന്ന് പലരും പറയുന്നുണ്ടെന്ന് പറഞ്ഞ ഷാനവാസ്, മുൻപ് തനിക്ക് സമാന അനുഭവം നേരിട്ടതായും പറഞ്ഞു. ഒരിക്കൽ തന്റെ സുഹൃത്ത് തന്നെ കണ്ടപ്പോൾ വെറുതെയൊന്ന് നെഞ്ചിൽ തട്ടി, പിന്നാലെ തനിക്ക് ഇതുപോലെ കുഴഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായതായും ഷാനവാസ് പറഞ്ഞു.