
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാര്‍. കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണെന്നായിരുന്നു സൂപ്രണ്ട് ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാര്‍ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം ഉയർന്നതാണെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.