'എൻ്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്, പഴയ പുസ്തകത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം': വിവാദങ്ങളിൽ പ്രതികരിച്ച് EP ജയരാജൻ | Autobiography

മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും
I should write my autobiography, EP Jayarajan responds to controversies
Published on

തിരുവനന്തപുരം: സ്വന്തം ആത്മകഥയായ 'ഇതാണെന്റെ ജീവിതം' പുറത്തിറങ്ങാനിരിക്കെ, മുൻപ് തന്റെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം സൃഷ്ടിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. 2024-ൽ 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു.(I should write my autobiography, EP Jayarajan responds to controversies)

ആദ്യ പുസ്തകത്തെക്കുറിച്ചും അതിലെ പരാമർശങ്ങളെക്കുറിച്ചും ജയരാജൻ നിലപാട് വ്യക്തമാക്കി."എന്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്. അത് പ്രസിദ്ധീകരിച്ചവർക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് വിവാദം നടക്കുമ്പോൾ പുസ്തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല."

"എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി. സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാൻ എഴുതി എന്നു പറഞ്ഞാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒടുവിൽ ഞാൻ സർക്കാരിന് എതിരാണെന്ന് ഡിസി ബുക്സ് വരുത്തിത്തീർത്തു." പുസ്തകത്തിന്റെ തലക്കെട്ടായ 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്നത് തന്നെ പരിഹസിക്കാൻ വേണ്ടി ഇട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

ഒടുവിൽ രവി ഡി.സി. മാപ്പ് പറഞ്ഞതിനാലാണ് താൻ നിയമപരമായ നടപടികളിലേക്ക് പോകാതിരുന്നതെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. ഇ.പി. ജയരാജന്റെ ഔദ്യോഗിക ആത്മകഥയായ 'ഇതാണെന്റെ ജീവിതം' നവംബർ മൂന്നിന് പുറത്തിറങ്ങും. മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. ജയരാജന്റെ ആത്മകഥയെന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട മുൻപുസ്തകത്തിൽ ഒന്നാം പിണറായി സർക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നുമുള്ള പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു ഇത് മാധ്യമങ്ങളിൽ വാർത്തയായത്.

Related Stories

No stories found.
Times Kerala
timeskerala.com