
ബിഗ് ബോസ് മലയാളം സീസൺ ഏഴ് എഴുപത്തി നാലാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. ഫിനാലേയിലേക്ക് എത്താൻ വേണ്ടി പല തരത്തിലുള്ള തന്ത്രമാണ് മത്സരാർത്ഥികൾ പയറ്റുന്നത്. അത്തരത്തിലുള്ള ഒരു നീക്കവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷാനവാസ്. ആദിലയുടെയും നൂറയുടെയും ഭാഗത്ത് നിന്നുണ്ടായ മാറ്റത്തെ തുടർന്നാണ് ഷാനവാസിന്റെ പുതിയ നീക്കം.
ആദില, നൂറ, ഷാനവാസ് കോമ്പോ ബിബി പ്രേക്ഷകർക്കിടയിൽ വളരെ ചർച്ചാവിഷയമായിരുന്നു. എന്നാൽ, ഷാനവാസിനെ മോഹൻലാൽ നിർത്തിപ്പൊരിച്ച കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡോടെ ഷാനവാസിനൊപ്പം ഇനി നിൽക്കില്ലെന്ന് ആദില വ്യക്തമാക്കിയിരുന്നു. താൻ മക്കളെ പോലെയാണ് ഇവരെ കണ്ടിരുന്നതെന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടായ മാറ്റം ഞെട്ടിച്ചെന്നും കണ്ണീരടക്കനാവാതെ ഷാനവാസ് പറഞ്ഞിരുന്നു. എന്നാലിപ്പോൾ, ആദിലയോട് തനിക്ക് വെറുപ്പാണെന്നും പെരുമാറ്റം സഹിക്കാനാവുന്നില്ലെന്നുമാണ് ഷാനവാസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി അനുമോളുമായി സംസാരിക്കുന്നതിനിടെയാണ് ആദിലയുടെ സ്വഭാവത്തെ കുറിച്ച് ഷാനവാസ് പറഞ്ഞ്. നൂറയുമായി തനിക്ക് പ്രശ്നങ്ങൾ ഇല്ലെന്നും എന്നാൽ ആദിലയുടെ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്നുമാണ് ഷാനവാസ് പറയുന്നത്. ആദിലയുടെ ഈ പെരുമാറ്റത്തോടെ വെറുപ്പാണ് തനിക്ക് തോന്നുന്നതെന്നും ആദിലയുടെ ഈ പെരുമാറ്റം ഇങ്ങനെ സഹിക്കേണ്ട കാര്യം തനിക്കില്ലെന്നും ഷാനവാസ് അനുമോളോട് പറഞ്ഞു.
അനുമോൾ- നെവിൻ തർക്കത്തിനിടെ ആദില ഷാനവാസിനോട് മോശമായി സംസാരിച്ചതാണ് കാരണം. ഇക്കാര്യം ഷാനവാസ് തന്നെ അനുമോളാട് പറയുന്നുണ്ട്. അനുമോളും നെവിനും തമ്മിൽ ഭക്ഷണത്തിന്റെ പേരിൽ രാത്രി തർക്കമുണ്ടായതിന് പിന്നാലെ എല്ലാ മത്സരാർത്ഥികളോടും ലിവിങ്റൂമിൽ വന്ന് ഇരിക്കാൻ പറഞ്ഞിരുന്നു. ഈ സമയം കിടന്ന് ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ആദില എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ഷാനവാസ് തടഞ്ഞിരുന്നു.
'ഉറങ്ങുന്ന ആളെ എന്തിനാണ് വിളിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടുപോകുന്നത്?' എന്ന് ഷാനവാസ് ആദിലയോട് ചോദിച്ചിരുന്നു. ഇതോടെ തനിക്ക് നേരെ ആദില ചാടി കടിക്കുകയായിരുന്നു എന്ന് അനുമോളോട് ഷാനവാസ് പറഞ്ഞു. നിരന്തരം ആദിലയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനമാണ് ഉണ്ടാകുന്നതെന്നും അത് തനിക്ക് സഹിക്കേണ്ട കാര്യമില്ലെന്നും ഷാനവാസ് പറഞ്ഞു. ഇതുവരെ താൻ അവരെ സപ്പോർട്ട് ചെയ്തിരുന്നു. ഇനി അത് ഉണ്ടാകില്ലെന്നും ഷാനവാസ് പറയുന്നു.