
കുഞ്ഞിനെ കണ്ടിരുന്നുവെന്നും ഭർത്താവും സഹോദരനും പോസ്റ്റ് ചെയ്ത വിഡിയോകൾ തൻ്റെ അറിവോടെയല്ലെന്നും ബിഗ് ബോസിൽ നിന്ന് പുറത്തായ വേദ് ലക്ഷ്മി. ഹൗസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നുപറച്ചിൽ. ലക്ഷ്മിയ്ക്ക് കുഞ്ഞിനെ കാണാൻ അനുവാദം നൽകിയില്ലെന്ന് ഭർത്താവും സഹോദരനും ആരോപിച്ചിരുന്നു.
എന്നാൽ, 'താൻ കൺഫഷൻ റൂമിൽ മോനെ കണ്ടു' എന്ന് ലക്ഷ്മി ചോദ്യകർത്താവിനോട് സമ്മതിക്കുന്നുണ്ട്. ഓഡിഷന് വന്നപ്പോൾ തന്നെ ലക്ഷ്മി ഈ വിവാഹമോചനക്കേസിൻ്റെ കാര്യം നമ്മളോട് പറഞ്ഞിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ലക്ഷ്മിയുടെ ഭർത്താവിൻ്റെ അനുമതിയില്ലാതെ അത് ചെയ്യാനാവില്ല. ലീഗലി നമുക്ക് അത് കിട്ടിയില്ല. അവസാന നിമിഷം കുഞ്ഞിനെ ഹൗസിൽ കേറ്റാൻ പറ്റിയില്ല. ഇതിൽ ലക്ഷ്മിയ്ക്ക് എന്തെങ്കിലും ക്ലാരിറ്റിക്കുറവുണ്ടോ? എന്നാണ് അവതാരികയുടെ ചോദ്യം. തനിക്ക് ക്ലാരിറ്റിക്കുറവില്ലെന്ന് ലക്ഷ്മി പറയുന്നു.
“ഇത് വീണ്ടും ചോദിക്കാൻ കാരണം, ലക്ഷ്മിയുടെ കുടുംബം പുറത്ത് കുറേ കാര്യങ്ങൾ പറയുന്നു. ലക്ഷ്മിയുടെ ഭർത്താവ് കുറേ വിഡിയോകൾ ഇടുന്നു” എന്ന് ചോദ്യകർത്താവ് പറയുമ്പോൾ, അമ്പരപ്പോടെ ‘റിയലി?’ എന്നാണ് ലക്ഷ്മിയുടെ ചോദ്യം. “എനിക്ക് അങ്ങനെയൊരു വിഡിയോ ആ സൈഡിൽ നിന്ന് വേണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ സെപ്പറേഷൻ്റെ കാര്യമൊന്നും പറയാതിരുന്നത്. എന്നെപ്പറ്റി ഒരു വിഡിയോയും അദ്ദേഹം ഇടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല.” എന്നും ലക്ഷ്മി പറയുന്നുണ്ട്.
ആവശ്യത്തിൽ കൂടുതൽ വിഡിയോസ് ഉണ്ടെന്ന് ചോദ്യകർത്താവ് പറയുന്നു. “ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു, കുട്ടിയെ അകത്ത് കയറ്റാൻ എനിക്ക് സമ്മതമുണ്ടായിരുന്നു" എന്ന്. നമുക്കിതൊരു നിയമപ്രശ്നമാണ്. അതുകഴിഞ്ഞ് ലക്ഷ്മിയുടെ സഹോദരൻ ആവശ്യത്തിൽ കൂടുതൽ വിഡിയോകൾ വേറെ ഇടുന്നുണ്ടായിരുന്നു. 'ലക്ഷ്മിയുടെ രണ്ട് വയസായ കുട്ടിയെ നമ്മൾ ഒറ്റയ്ക്ക് പുറത്തുനിർത്തുമോ?” എന്ന് അവതാരിക ചോദിക്കുമ്പോൾ “ഇല്ല” എന്ന് ലക്ഷ്മി മറുപടി നൽകുന്നു.