തിരുവനന്തപുരം: സമുദായ നേതാക്കളായ ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ എൻ.എസ്.എസിനോ എസ്.എൻ.ഡി.പിക്കോ എതിരല്ലെന്നും എന്നാൽ വർഗീയത ആര് പറഞ്ഞാലും അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.(I only said that no one should speak communally, VD Satheesan replies to NSS and SNDP leadership)
സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വർഗീയ നിലപാടുകളെയാണ് താൻ വിമർശിച്ചത്, അല്ലാതെ സമുദായങ്ങളെയല്ല. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കേണ്ടി വന്നാലും പിന്നോട്ടില്ല. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞോടി പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായ നേതാക്കളുടെ 'തിണ്ണ നിരങ്ങില്ല' എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പെരുന്നയിൽ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തതിൽ തെറ്റില്ല. നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും രണ്ട് കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമുദായ ഐക്യ ചർച്ചകളിലേക്ക് മുസ്ലിം ലീഗിനെ വലിച്ചിഴയ്ക്കുന്നത് പരോക്ഷമായി വർഗീയത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിന് പിന്നിലെ താല്പര്യങ്ങൾ ജനങ്ങൾക്ക് അറിയാമെന്നും സതീശൻ പറഞ്ഞു. താൻ പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിനില്ല. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശൻ 'ഇന്നലെ പൂത്ത തകര'യാണെന്ന് വെള്ളാപ്പള്ളി നടേശനും, സതീശനെ കോൺഗ്രസ് 'അഴിച്ചുവിട്ടിരിക്കുകയാണെന്ന്' ജി. സുകുമാരൻ നായരും കഴിഞ്ഞ ദിവസങ്ങളിൽ വിമർശിച്ചിരുന്നു. സതീശന്റെ നിലപാടുകൾ കാരണം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ 'അടി' കിട്ടുമെന്നായിരുന്നു സുകുമാരൻ നായരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് സതീശൻ തന്റെ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്.