
ഇടുക്കി: എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ്ഗോപി എംപി. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് ആലപ്പുഴയിൽ വേണമെന്നാണ് 2015 മുതൽ എടുത്ത നിലപാട്. അത് ആവർത്തിക്കുകയാണ്. ആ നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയില്‍ അല്ലെങ്കിൽ തൃശൂരിൽ എയിംസ് വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് തമിഴ്നാട്ടിലേക്കു കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാൽ രാജിവയ്ക്കാം. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാൻ കേരള സർക്കാരിനു കഴിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വരുമെന്നും സുരേഷ്ഗോപി പറഞ്ഞു.
തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. എതിർ പാർട്ടിക്കാർ വർഷങ്ങളായി കള്ളവോട്ട് ചെയ്യുന്നു എന്നായിരുന്നു വിമർശനം. ‘‘ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവൻമാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല ഞാൻ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ല എന്നു പറയുന്ന തൃശൂരിലാണ്. എന്തൊക്കെ കഥ ഉണ്ടാക്കി? പൂരം കലക്കി... വോട്ടു കലക്കി... കേരളത്തിൽ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപി ഉണ്ടാകണം. ഒരു ഡബിൾ എൻജിൻ സർക്കാർ ഇവിടെ ഉണ്ടാകണം.’’–സുരേഷ്ഗോപി പറഞ്ഞു.