തൃശൂർ: എയിംസ് (AIIMS) തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(I never said AIIMS will be in Thrissur, says Suresh Gopi)
രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത് എന്നും, ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാർ പ്രാർത്ഥിക്കണമെന്നും തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് താൻ പറഞ്ഞിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് എന്നും, ഒരിക്കലും വാക്കുമാറില്ല" എന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല എന്നും, നെടുമ്പാശ്ശേരി അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായിരുന്ന തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ട ശേഷമാണ് സുരേഷ് ഗോപി പരിപാടി ആരംഭിച്ചത്. തൃശൂരിലെ മേയർക്ക് മുകളിൽ കസേരയിട്ട് കൊടുക്കേണ്ടയാളാണ് തേറമ്പിൽ രാമകൃഷ്ണനെന്നും ലീഡർക്കൊപ്പം സ്ഥാനം കൊടുക്കേണ്ടയാളാണെന്നും അദ്ദേഹം പ്രശംസിച്ചു.
ബിജെപിക്ക് 30 സീറ്റെങ്കിലും കോർപ്പറേഷനിൽ കൊടുത്താൽ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ കുതിപ്പുണ്ടാകും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി തുരങ്കം വെച്ചു. ഇപ്പോൾ കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ എം.എം. വർഗീസ് അല്ല. അദ്ദേഹം എന്തെങ്കിലും ചെയ്തു എന്ന് ഒരിക്കലും പറയില്ല. അദ്ദേഹത്തിൻ്റെ നിസ്സഹായാവസ്ഥ അറിയാം എന്നും സുരേഷ് ഗോപി പറഞ്ഞു. കോർപ്പറേഷനും കോർപ്പറേഷൻ ഇരിക്കുന്ന തൃശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദിയാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.