
ബിഗ് ബോസ് ഹൗസിൽ ബിൻസിയെ മിസ് ചെയ്യുന്നു എന്ന് അപ്പാനി ശരത്. ആര്യനുമായുള്ള സംസാരത്തിനിടെയാണ് അപ്പാനി ശരതിൻ്റെ വെളിപ്പെടുത്തൽ. ശരതുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബിൻസി രണ്ടാമത്തെ ആഴ്ച പുറത്തായിരുന്നു. അതിനുശേഷം ആദ്യമായാണ് ശരത്, ബിൻസിയുടെ കാര്യം ഹൗസിൽ പറയുന്നത്.
തൻ്റെ മകളുടെ സ്വഭാവത്തെപ്പറ്റി പറയവെയാണ് ശരത് ബിന്സിയുടെ കാര്യം പറഞ്ഞത്. ജോഷി സംവിധാനം ചെയ്ത് ജോജു ജോർജും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായ കല്യാണി എന്ന സിനിമയിൽ ശരതും അഭിനയിച്ചിരുന്നു. സിനിമയിൽ കല്യാണിയുടെ കഥാപാത്രം തന്നെ മർദ്ദിച്ചതിനെതിരെ കല്യാണിയോട് മകൾ ചോദിച്ചു എന്നാണ് ശരത്, ആര്യനോട് പറഞ്ഞത്. മകൾ ഇവിടെ വന്നാൽ, 'അച്ഛനോട് എന്താണ് പ്രശ്നം?' എന്ന് അനുമോളോട് ചോദിക്കുമെന്നും ശരത് പറഞ്ഞു. ഇതിന് ശേഷം, ബിൻസിയെ മിസ് ചെയ്യുന്നുണ്ടെന്നും ഇപ്പോഴാണ് ബിൻസിയെ തനിക്ക് ആവശ്യമെന്നും ശരത് പറയുന്നു.
പുറത്തുപോകുന്ന സമയത്ത് അപ്പാനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ബിന്‍സി, 'ചാച്ചന്‍ കരയരുത്' എന്ന് അപ്പാനിയോട് പറഞ്ഞു. 'കപ്പടിച്ചുകൊണ്ട് വരുന്നത് എനിക്ക് കാണണം' എന്ന് ശരതിൻ്റെ ചെവിയിൽ ബിൻസി പറയുകയും ചെയ്തിരുന്നു. ഇത് ഹൗസിനകത്തും പുറത്തും വലിയ വിമര്ശനത്തിനിടയാക്കിയിരുന്നു.
ശരതും ബിൻസിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും, 'രണ്ട് കുടുംബം തകരണ്ട' എന്ന് കരുതിയാണ് താൻ അത് വച്ച് ആക്രമിക്കാത്തതെന്നും ഷാനവാസ് പലതവണ ആരോപിച്ചു. അപ്പാനി കാരണമാണ് ബിൻസി വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് അനുമോളും ആരോപിച്ചിരുന്നു. തൻ്റെ അച്ഛനെപ്പോലെയാണ് അപ്പാനി ശരത് എന്ന് ഹൗസിൽ വച്ച് തന്നെ ബിൻസി പറഞ്ഞെങ്കിലും ഹൗസ്മേറ്റ്സ് ഇത് മുഖവിലയ്ക്കെടുത്തില്ല. പുറത്തിറങ്ങിയ ബിൻസി സദാചാര ആക്രമണം നേരിട്ടിരുന്നു.