
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് നെവിൻ. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് നെവിൻ. എന്നാൽ, ഇതിനിടയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ഭീഷണിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നെവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ്ബോസിലേക്ക് വരുന്നതിനു മുൻപ് ഒരഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
സ്നേഹം എന്നത് തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതു പ്രകടിപ്പിക്കാനും അതിന്റെ വാല്യു എന്തെന്ന് തനിക്ക് അറിയില്ലെന്നുമാണ് നെവിൻ പറയുന്നത്. തന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. സുഹൃത്തുക്കൾ തന്നെ പരിഹസിക്കുമ്പോൾ തന്നെ പിന്തുണച്ച് അച്ഛൻ വന്നിട്ടില്ലെന്നും നെവിൻ പറയുന്നു. തനിക്ക് ആറ്, ഏഴ് വയസ് പ്രായമുള്ളപ്പോൾ തന്നെ മറ്റൊരു കുടുംബത്തിൽ കൊണ്ടുപോയി ആക്കിയെന്നും ആ പ്രായത്തിൽ ഒരു കുട്ടി അനുഭവിക്കേണ്ട സ്നേഹവും വാത്സല്യവും സപ്പോർട്ടും ഒന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും നെവിൻ പറയുന്നു.
"ഒരിക്കലും തന്റെ അച്ഛനെ പോലെയാകരുത് എന്നതായിരുന്നു തന്റെ ലക്ഷ്യം. തനിക്ക് അച്ഛനുമായി യാതൊരു വിധത്തിലുള്ള അറ്റാച്ച്മെന്റും ഇല്ല. അച്ഛൻ മരിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും തനിക്ക് വന്നില്ല. തന്റെ അനിയത്തിയോട് ഇതുവരെ മര്യാദയ്ക്ക് ഒന്ന് സംസാരിച്ചിട്ടില്ല. കെട്ടിപിടിക്കുകയോ ഉമ്മവെയ്ക്കുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണ്." - നെവിൻ പറഞ്ഞു.
"എനിക്കുണ്ടായ മോശം അനുഭവങ്ങളൊന്നും മാതാപിതാക്കളോട് പറഞ്ഞിട്ടില്ല. കാരണം കത്തിക്ക് കുത്തി കീറാൻ നിൽക്കുന്നയാളാണ് എന്റെ അച്ഛൻ. എന്റെ കുടുംബത്തിന് ഞാൻ മാത്രമേയുള്ളു. അതുകൊണ്ട് തന്നെ ബുള്ളിയിങ് പോലുള്ളവ മൈന്റ് ചെയ്യാൻ നിന്നിട്ടില്ല. എന്റെ ഒരു ദരിദ്ര കുടുംബമാണ്. സുഹൃത്തുക്കളോട് പോലും ഞാൻ ഓപ്പണപ്പായിട്ടില്ല. കാരണം സിംപതി എനിക്ക് ആവശ്യമില്ല."- നെവിൻ പറയുന്നു.