മലപ്പുറം : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. താൻ എവിടേയ്ക്കും ഒളിച്ചോടിയിട്ടില്ലെന്നും തനിക്ക് എവിടേയും ബിസിനസ് വിസയില്ലെന്നും ജലീൽ പരിഹാസരൂപേണ പറഞ്ഞു. ജലീൽ ഒളിച്ചോടിയെന്ന് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ജലീലിന്റെ പ്രതികരണം.
കെ ടി ജലീലിനെ പരിഹസിച്ച് പി കെ ഫിറോസ് പങ്കുവെച്ച കുറിപ്പ്
കണ്ടവരുണ്ടോ?
ഞാൻ ഒരു പത്രസമ്മേളനം നടത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കിൽ പോസ്റ്റിട്ടാൽ മിനുറ്റുകൾക്കുള്ളിൽ മറുപടി നൽകിയിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാനില്ല. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.
കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ;
മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. കണ്ടെത്തുന്നവർ ഉടനെ അറിയിക്കുക.
മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്.
അതേ സമയം, പി. കെ. ഫിറോസും കെ. ടി. ജലീലും തമ്മിലുള്ള വാക്ക്‌പോരു തുടരുകയാണ്. ഫിറോസ് ബിനാമിയാണെന്നും ഹവാല ഇടപാടുകളാണ് നടത്തുന്നതെന്നും ജലീൽ ആരോപിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ ‘ദോത്തി ചലഞ്ച്’ ഉൾപ്പെടെ ഫിറോസ് അഴിമതി കാണിച്ചുവെന്നും, ഗൾഫിലും നാട്ടിലുമായി ബിനാമികളെ വെച്ച് ബിസിനസ് നടത്തുകയാണെന്നും ജലീൽ പറഞ്ഞിരുന്നു. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ. ടി. ജലീലിന് പങ്കുണ്ടെന്നായിരുന്നു ഫിറോസ് ഉന്നയിച്ച ആരോപണം.