
ബിഗ് ബോസ് വീട്ടിൽ കുറച്ചു ദിവസങ്ങളായി അനീഷും ആദിലയും തമ്മിൽ അടി തുടങ്ങിയിട്ട്. ഇരുവരും ഒരുമിച്ച് വെസ്സൽ ടീമിൽ വന്നതു മുതലാണ് വഴക്ക് തുടങ്ങിയത്. ഒരു കാര്യം പല തവണ ആവർത്തിക്കുന്ന അനീഷിന്റെ സ്വഭാവം കണ്ടപ്പോൾ ആദില പൊട്ടിത്തെറിക്കുകയും പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നതുമായ കാഴ്ചയാണ് കാണാനായത്. ഏറ്റവും ഒടുവിൽ അനീഷിന് സമ്മാനമായി കിട്ടിയ കോയിൻ കാണാതെ പോയതാണ് പ്രശ്നം. ഇതിന്റെ പേരിൽ ആദിലക്കെതിരെ അനീഷ് ഫാൻസിന്റെ വലിയ ആക്രമണം ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 'ബിഗ് ബോസിന് പോലും ആദിലയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലേ?' എന്നാണ് ചോദ്യം.
സോഷ്യൽ മീഡിയയിലെ കുറിപ്പിന്റെ പൂർണരൂപം:
"സുഹൃത്തുക്കളെ.... ജിത്തു ജോസഫ് സാർ വന്നപ്പോൾ അനീഷ് അടങ്ങുന്ന ടീമിന് ഒരു ടാസ്ക് നൽകിയിരുന്നു. ആ ടാസ്കിൽ അനീഷും ടീം വിജയിച്ചിരുന്നു. ആ ടാസ്കിൽ പങ്കെടുത്ത എല്ലാവർക്കും ഓരോ കോയിൻ വീതം സമ്മാനമായി കൊടുത്തിരുന്നു. 'ഒരു കോയിൻ എപ്പോൾ ബിഗ് ബോസിന് കൊടുക്കുന്നോ അപ്പോൾ മൂന്ന് ചോക്ലേറ്റ് ബാറുകൾ ലഭിക്കും.. ' എന്നാൽ അനീഷിന് ലഭിച്ച കോയിൻ അനീഷ് വളരെ അധികം മൂല്യമുള്ള ഒരു സമ്മാനമായി മാത്രമാണ് കരുതിയിരിക്കുന്നത്. അതു കൊടുക്കുമ്പോൾ ലഭിക്കുന്ന ചോക്ലേറ്റുകൾ അല്ല. തനിക്ക് ജിത്തു ജോസഫ് സാറിന്റെ കയ്യിൽ നിന്നും ലഭിച്ച കോയിൻ സമ്മാനം വിലമതിക്കാനാവാത്ത ഒരു സമ്മാനമായാണ് അനീഷ് കരുതുന്നത് എന്ന് ലൈവിൽ പറഞ്ഞു കഴിഞ്ഞു
എന്നാൽ അനീഷിന് ഈ സമ്മാനം ലഭിച്ച ദിവസം തന്നെ ആദില, അനീഷ് കോയിൻ കൊണ്ടു വച്ചിരുന്ന കട്ടിലിലെ കബോർഡിന് ഉള്ളിലെ കവറിൽ നിന്നും അത് മോഷ്ടിച്ചു. അനീഷ് കോയിൻ കൊടുത്തു ചോക്ലേറ്റ് ബാറുകൾ മേടിക്കാനായി കോയിൻ നോക്കിയപ്പോൾ, കോയിൻ താൻ വെച്ച സ്ഥലത്ത് കാണുന്നില്ല. അനീഷ് പലതവണ പറയുന്നുണ്ട്, 'കോയിൻ എടുത്തവർ തിരിച്ചു തരണം' എന്ന്. ഈ വിഷയം ഇന്നലെയും ഇന്നുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും ആദില കോയിൻ കൊടുത്തിട്ടില്ല. 'കോയിൻ എടുത്തവർ എനിക്ക് തരൂ ഞാൻ ചോക്ലേറ്റ് മേടിച്ചു നിങ്ങൾക്കെല്ലാവർക്കും തരാം' എന്ന് പറഞ്ഞിട്ട് പോലും ഇതുവരെയും കോയിൻ ആദില കൊടുത്തിട്ടില്ല.
മനപ്പൂർവ്വം അനീഷിന്റെ കോയിൻ കൊടുക്കാതെ കയ്യിൽ തന്നെ വച്ചിരിക്കുന്നു ആദില, അനീഷുമായി കിച്ചൻ ഏരിയയിൽ വച്ച് വലിയ വിഷയം കഴിഞ്ഞ്, ആദിലയും നൂറയും അനീഷിന്റെ വിഷയം ഒരു സോഫയിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ആദില നൂറയോടു പറയുന്നു 'ആ കോയിൻ ഞാൻ എടുത്തു വച്ചിട്ടുണ്ട്, ഇനി അതങ്ങ് കൊടുത്തേക്കാം, എടുത്ത സ്ഥലത്ത് കാണാതെ കൊണ്ട് തിരിച്ചു വയ്ക്കാം' എന്ന് ഇവർ തമ്മിൽ പറഞ്ഞിട്ട് ഇതുവരെയും ആ കോയിൻ അനീഷിന് തിരിച്ചു കൊടുക്കുകയോ എടുത്ത സ്ഥലത്ത് തിരിച്ചു വയ്ക്കുകയോ ചെയ്തിട്ടില്ല.
അനീഷിന് സമ്മാനം ലഭിച്ചാൽ... അല്ലെങ്കിൽ ആ സമ്മാനം അനീഷിന് മാത്രം ലഭിച്ചതല്ല മറ്റുള്ളവർക്കും ലഭിച്ചിരുന്നു. അവരുടെ ആരുടെയും കോയിൻ ആദിലപോയി എടുക്കുന്നത് കണ്ടില്ലല്ലോ?? ഇന്ന് അനീഷുമായി വലിയ ഒരു വിഷയം നടന്നു അത് കഴിഞ്ഞിട്ട് പോലും അത് തിരിച്ചു കൊടുക്കുന്നില്ല. ആദിലയ്ക്ക് അനീഷിന്റെ കോയിൻ എടുക്കാൻ ആരാണ് അനുവാദം നൽകിയത്? ഇല്ലെങ്കിലും ആദിലയുടെ തോന്നിവാസമാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. അതെല്ലാം ബിഗ് ബോസ് അനുവദിച്ചു കൊടുക്കുന്നുണ്ട്. ഈ പെൺകൊച്ചിനെ പിടിച്ചു കെട്ടാൻ ബിഗ് ബോസിനും സാധിക്കില്ലേ?
വീക്കെൻഡ് എപ്പിസോഡ് വരെ അനീഷിന്റെ കോയിൻ ഇവൾ കയ്യിൽ വെച്ചിരിക്കുകയാണെങ്കിൽ ഇവൾ മൊത്തത്തിൽ നാറും.. അതല്ലെങ്കിൽ ഈ കള്ളി അതിനുമുമ്പേ അനീഷിന്റെ അടുത്തുപോയി സോപ്പിട്ട് എല്ലാം ഇവൾക്ക് ന്യായമാക്കി മാറ്റും. ഇവൾ അങ്ങനെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത് പെരുംകള്ളി.. ഇത്ര വൃത്തികെട്ട ഒരു മത്സരാർത്ഥിയെ ബിഗ് ബോസിന്റെ ചരിത്രത്തിൽ ഞാൻ കണ്ടിട്ടില്ല." - കുറിപ്പിൽ പറയുന്നു.