തിരുവനന്തപുരം : കേരളം അതിദാരിദ്ര്യമുക്തി നേടിയെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടും വിദഗ്ദരോടും പത്ത് ചോദ്യങ്ങളുമായി മന്ത്രി എം.ബി.രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചത്.
എം.ബി. രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം....
ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ധരോടും ചില ചോദ്യങ്ങൾ.രണ്ടു ദിവസമായി ചർച്ചകളും വിവാദങ്ങളും നടക്കുകയാണല്ലോ. പ്രതിപക്ഷം, ചില വിദഗ്ധർ എന്നിവരാണ് പൊടുന്നനെ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സ്വാഭാവികമായും മാധ്യമങ്ങൾ അതേറ്റെടുത്തു. തലക്കെട്ടുകളും പ്രൈംടൈം ചർച്ചകളും ധാരാളമുണ്ടായി. വളരെ സന്തോഷമുണ്ട്; ഇതാദ്യമായി ഒടുവിൽ അതിദാരിദ്ര്യ നിർമാർജനം ചർച്ചയായല്ലോ. മാധ്യമങ്ങൾ പലതും അതിദരിദ്ര കുടുംബങ്ങൾക്കുണ്ടായ മാറ്റം അന്വേഷിച്ചിറങ്ങിയതിലും സന്തോഷമുണ്ട്.
നാലരവർഷം നിങ്ങളെല്ലാം തീർത്തും അവഗണിച്ച ഒരു സുപ്രധാന സർക്കാർ പദ്ധതിയാണിപ്പോൾ ചർച്ചാവിഷയമായത്. എല്ലാവരും അവഗണിച്ചപ്പോഴും 2021 മേയ് മുതൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്കർഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 53 മാസത്തെ ഈ കഠിന പ്രയത്നത്തിലൂടെ കൈവരിച്ച നേട്ടമാണ് ഇന്നലെ പ്രഖ്യാപിച്ചത്.
1. 2021 മേയ് 21ന് ആദ്യ മന്ത്രിസഭാ തീരുമാനമായി ബഹു. മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ജൂലൈ 16 ന് അതിദാരിദ്ര്യ നിർണയത്തിന്റെ മാനദണ്ഡം, നിർണയ പ്രക്രിയ എന്നിവ വിശദീകരിച്ച സമഗ്ര മാർഗരേഖ സർക്കാർ ഉത്തരവായി പുറത്തിറക്കിയപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ എവിടെയെങ്കിലും ഉന്നയിച്ചിരുന്നോ ? എങ്കിൽ അവ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
2. തുടർന്ന് കില തയാറാക്കിയ അതിദാരിദ്ര്യ നിർണയത്തിനും അതിനാവശ്യമായ പരിശീലനത്തിനുമുള്ള കൈപ്പുസ്തകം അന്നോ പിന്നീടിതുവരെയോ വിദഗ്ധരെങ്കിലും വായിച്ചിരുന്നോ ? കുറവുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാതിരുന്നത് എന്തുക്കൊണ്ട് ?
3. അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന വിവരശേഖരണ പ്രക്രിയയെക്കുറിച്ച് എന്തെങ്കിലും വിമർശനങ്ങൾ ഉന്നയിച്ചിരുന്നോ ? എങ്കിൽ എന്തായിരുന്നു ? ഇല്ലെങ്കിൽ എന്തുകൊണ്ട് ? ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാനുള്ള 58,000 ത്തിലധികം ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരുന്നില്ലേ ?
4. മെംബർമാർ നേതൃത്വം നൽകുന്ന വാർഡ് തല ജനകീയ സമിതികൾ ചർച്ച ചെയ്ത ഗുണഭോക്തൃ പട്ടിക ഗ്രാമസഭയിലേക്ക് ശുപാർശ ചെയ്ത കാര്യം നിങ്ങൾ അറിഞ്ഞിരുന്നില്ലേ ? വാർഡ് തല സമിതിയിൽ ആരെല്ലാമുണ്ടെന്ന് നിങ്ങൾക്കറിയാമോ ?
5. ഇതിനെല്ലാം ശേഷം ഗ്രാമസഭകൾ ഈ പട്ടിക അംഗീകരിച്ചിരുന്നു എന്നറിയാമോ ? ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു രീതിശാസ്ത്രം അതിദരിദ്രരെ കണ്ടെത്താൻ നിർദേശിക്കാനുണ്ടോ ? എങ്കിൽ അവ പങ്കുവയ്ക്കുമല്ലോ.
6. ഏറ്റവും അവസാനം ഓരോ തദ്ദേശ ഭരണസമിതിയും ഗ്രാമസഭ അംഗീകരിച്ച പട്ടികക്ക് അന്തിമാനുമതി നൽകിയ കാര്യം പോലും നിങ്ങൾ അറിഞ്ഞില്ലെന്നോ? പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇതെല്ലാം പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും അറിയാതെപോയത് ആരുടെ വീഴ്ചയാണ്?
7. 2022, 23, 24 വർഷങ്ങളിലെ ഇക്കണോമിക് റിവ്യൂവിൽ പദ്ധതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചത് വിദഗ്ധരും എംഎൽഎമാരുമൊന്നും വായിച്ചില്ലെന്നോ ? തുടർച്ചയായി മൂന്നു വർഷം പ്ലാൻ ഫണ്ട് അനുവദിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടും പ്ലാനിങ് ബോർഡിന് അറിവുണ്ടോ എന്ന ചോദ്യത്തിന്റെ അർഥമെന്താണ് ?
8. 2023 നവംബർ ഒന്നിന് പദ്ധതിയിൽ അതുവരെ കൈവരിച്ച പുരോഗതി വിശദീകരിക്കുന്ന ഇടക്കാല റിപ്പോർട്ടിനെ ആസ്പദമാക്കി നിങ്ങൾ എന്തെങ്കിലും വിമർശനം ഉന്നയിച്ചിരുന്നോ? അന്ന് വിമർശനം ഉണ്ടായിരുന്നില്ലേ ?
9. നിയമസഭയിൽ ഇപ്പോൾ ഉന്നയിക്കുന്ന വിമർശനങ്ങളൊന്നും പേരിനുപോലും ഇതിനു മുൻപ് ഒരൊറ്റ സന്ദർഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവരെപ്പോലെ തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ ? ചോദ്യം, സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ ഇതൊന്നുമല്ലെങ്കിൽ തദ്ദേശ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചകളിൽ, ബജറ്റ് ചർച്ചകളിൽ എപ്പോഴെങ്കിലും നിങ്ങൾ ആരെങ്കിലും ഒരു വരി പറഞ്ഞത് കാണിച്ചുതരാമോ?
10. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും ശുദ്ധ തട്ടിപ്പിന്റെ ഗണത്തിൽ വരുമോ ബഹു. പ്രതിപക്ഷ നേതാവേ? അങ്ങയുടെ ജില്ലയിലെ ചേരാനെല്ലൂർ പഞ്ചായത്തിലെ പ്രഖ്യാപനം ഞാൻ നടത്തിയത് ശ്രീ. ഹൈബി ഈഡൻ എം പി, ശ്രീ. ടി.ജെ. വിനോദ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. എറണാകുളം ജില്ലാ പ്രഖ്യാപനത്തിൽ അധ്യക്ഷൻ അങ്ങയുടെ പാർട്ടിയിൽ പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അവരെല്ലാം അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ് തള്ളിപ്പറയുമ്പോൾ അവരെല്ലാം തട്ടിപ്പുകാരാണോ ?
നിങ്ങളുയർത്തിയ ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകിയ സ്ഥിതിക്ക് ഈ ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെ .
സ്നേഹാദരങ്ങളോടെ, എം.ബി.രാജേഷ്