
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഫിനാലേയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ബിബി വീട്ടിൽ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. പത്ത് മത്സരാർത്ഥികളാണ് ഇനി വീട്ടിൽ ഉള്ളത്. ഇവരിൽ ആരാകും കപ്പ് അടിക്കുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയരാണ് അനുമോളും നെവിനും. കഴിഞ്ഞ ദിവസങ്ങളിൽ എവിക്ഷൻ നോമിനേഷന്റെ പേരിൽ അനുമോളെ തുടരെ പ്രകോപിപ്പിക്കുന്ന നെവിനെയാണ് പ്രേക്ഷകർ കണ്ടത്. വിട്ടുകൊടുക്കാതെ അനുമോളും പ്രതികരിക്കുന്നുണ്ട്.
ഇതിനിടെ, അനുമോൾക്ക് പ്രതിദിനം ബിഗ് ബോസിൽ നിന്നുള്ള പേയ്മെന്റ് എത്രയെന്ന് തന്നോട് വെളിപ്പെടുത്തിയതായി എല്ലാവരുടേയും മുൻപിൽ വെച്ച് പറയുകയാണ് നെവിൻ. ഇക്കാര്യം തന്നോട് അനുമോൾ പറഞ്ഞതായാണ് നെവിൻ പറയുന്നത്. ജിസേലിനേക്കാളും പേയ്മെന്റ് തനിക്കാണെന്നും ഇവിടെ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും തന്നെ പുറത്താക്കില്ലെന്നും അനുമോൾ പറഞ്ഞതായാണ് നെവിൻ പറയുന്നത്. തന്റെ മുഖത്ത് നോക്കി പറഞ്ഞു എന്നാണ് നെവിൻ പറയുന്നത്. 65000 രൂപയാണ് ബിഗ് ബോസിൽ നിൽക്കുന്നതിന് ഒരു ദിവസം തനിക്ക് ലഭിക്കുന്നതെന്നും അനുമോൾ പറഞ്ഞതായി നെവിൻ വെളിപ്പെടുത്തുന്നു. മൈക്ക് താഴ്ത്തിയിട്ടാണ് അനുമോൾ ഇത് തന്നോട് പറഞ്ഞതെന്നും നെവിൻ ഉറപ്പിച്ച് പറയുന്നു.
എന്നാൽ, താനൊരിക്കലും നെവിനോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അനുമോൾ പറയുന്നത്. ആദിലയോടും നൂറയോടും പോലും പറയാത്ത കാര്യം താൻ നെവിനോട് പറയുമോ എന്നാണ് അനുമോൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം സോഫയിൽ ഒറ്റക്കിരുന്ന അനുമോളുടെ അടുത്ത് പോയി നെവിൻ പ്രകോപിപ്പിക്കുന്നതും വലിയ ചർച്ചയായിരുന്നു. തന്റെ അടുത്ത് വന്നിരിക്കുന്നത് എന്തിനാണെന്ന് അനുമോൾ ചോദിക്കുമ്പോൾ, ഇത് ബിഗ് ബോസിന്റെ പ്രോപ്പർട്ടി അല്ലെയെന്നാണ് നെവിന്റെ മറുപടി. ഇതോടെ തന്നെ നെവിൻ ശല്യം ചെയ്യുകയാണെന്ന് ക്യാപ്റ്റനായ സാബുമാനോട് അനുമോൾ പരാതിയും പറഞ്ഞു. പിന്നാലെ വിഷയത്തിൽ ഇടപ്പെട്ട് സാബുമാൻ രംഗത്ത് എത്തുന്നുണ്ട്.
അലുമ്പ് കാണിക്കാതെ എഴുന്നേറ്റ് പോകാൻ ക്യാപ്റ്റൻ നെവിനോട് പറയുന്നുണ്ട്. നീ എന്തിനാണ് ഒരു പെണ്ണിനെ ശല്യപ്പെടുത്തുന്നതെന്നും അവൾക്ക് അവളുടെ പ്രൈവസിയുണ്ടെന്നും വൃത്തികേട് കാണിക്കരുതെന്നും സാബുമാൻ പറയുന്നുണ്ട്. എന്നാൽ സാബുമാന്റെ വാക്ക് കേൾക്കാൻ നെവിൻ കൂട്ടാക്കുന്നില്ല. ബിഗ് ബോസിന്റെ പ്രോപ്പർട്ടിയിൽ ഇരിക്കരുതെന്ന് പറയാൻ ക്യാപ്റ്റന് അധികാരം ഇല്ലെന്ന് നെവിൻ പറയുന്നു.