പത്തനംതിട്ട : ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി സംഭവത്തില്‍ വിശദീകരണവുമായി സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി. പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ല. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്.പിന്നീട് തന്റെ സഹോദരിയുടെ വീട്ടിൽ പീഠം ഏൽപ്പിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഇന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതൽ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയിൽ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിൽ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹത എന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. പീഠം തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് വിജിലൻസ് മാറ്റി. നാളെ ഹൈക്കോടതിയിൽ വിജിലൻസ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.