വലിഞ്ഞുകയറി പോയതല്ല, സർക്കാർ ക്ഷണിച്ചതുകൊണ്ടാണ് പോയത്, ഞാൻ ആരാണെന്ന് ഒന്നു ഗൂഗിൾ ചെയ്താൽ മതി; അടൂർ ദലിതന്റെ ജീവിതാവസ്ഥ ശരിക്കും കണ്ടു പഠിക്കണം- പുഷപ്‌വതി | Kerala Film Policy Conclave

അടൂരിനെതിരെ ചാലയിലെ ചുമട്ടു തൊഴിലാളികളും രംഗത്ത്; അടൂരിന്റേത് അധഃപതിച്ച മനസാണെന്നും മാപ്പു പറയണമെന്നും തൊഴിലാളികൾ
Pushpavathi
Published on

തിരുവനന്തപുരം: സർക്കാർ ക്ഷണിച്ചതുകൊണ്ടാണ് കേരളാ ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുത്തതെന്നും വലിഞ്ഞുകയറി പോയതല്ലെന്നും ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപഴ്‌സനുമായ പുഷപ്‌വതി. ഞാൻ ആരാണെന്ന് ഒന്നു ഗൂഗിൾ ചെയ്താൽ അടൂർ ഗോപാലകൃഷ്ണന് മനസിലാകും, വർഗബോധം കൊണ്ട് എന്റെ ആത്മസഹോദരങ്ങൾക്കു വേണ്ടിയാണു പ്രതികരിച്ചതെന്നും പുഷ്പവതി പറഞ്ഞു. അവർക്കു ലഭിക്കുന്ന സഹായത്തിനു തടസം നിൽക്കുന്നത് ആരാണെങ്കിലും താൻ പ്രതിഷേധിക്കുമെന്നും അതിൽ വലുപ്പച്ചെറുപ്പം നോക്കില്ലെന്നും പുഷ്പവതി പറഞ്ഞു.

‘‘അടൂർ ഗോപാലകൃഷ്ണൻ ഇവിടുത്തെ ദലിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥ ശരിക്കും കണ്ടു പഠിക്കണം. അതിനു മനസ് കുറച്ചുകൂടി വിശാലമാക്കണം. ഒരു ദലിതന്റെ ക്യാമറക്കണ്ണിലൂടെ ലോകത്തെ വീക്ഷിക്കുന്നതുപോലെ ആകില്ല ഒരു ഉന്നതകുലജാതൻ അദ്ദേഹത്തിന്റെ പരിസരങ്ങളിൽനിന്നു ലോകത്തെ കാണുന്നത്. രണ്ടിലും വ്യത്യാസമുണ്ട്. രണ്ടും ഈ സമൂഹത്തിൽ ഉണ്ടാകേണ്ടതല്ലെ?’’ – പുഷ്പവതി ചോദിച്ചു. പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്നു സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ പറഞ്ഞപ്പോൾ പുഷ്പവതി എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചിരുന്നു.

കോൺക്ലേവിൽ താൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നാണ് അടൂർ പറഞ്ഞത്. പ്രധാനപ്പെട്ട ഒരു സെഷനിൽ ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്താണ് അവകാശമെന്നും സ്റ്റേജിൽ ഇരുന്ന മന്ത്രി ഉൾപ്പെടെ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.

ഇതിനിടെ, അടൂരിന്റെ മറ്റൊരു വിവാദപരാമർശത്തിനെതിരെ ചാലയിലെ ചുമട്ടു തൊഴിലാളികളും രംഗത്തെത്തി. ഐഎഫ്എഫ്‌കെയിൽ ലൈംഗിക അതിപ്രസരമുള്ള സിനിമ പ്രദർശിപ്പിച്ചപ്പോൾ, ചുമട്ടു തൊഴിലാളികൾ തിയറ്ററിന്റെ വാതിൽ പൊളിച്ചു കാണാൻ ശ്രമിച്ചതിനാലാണ് പ്രവേശനം ഡെലിഗേറ്റുകൾക്കു മാത്രമാക്കിയതെന്ന് അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടൂരിന്റേത് അധഃപതിച്ച മനസാണെന്നും മാപ്പു പറയണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തൊഴിലാളികളെ കുറിച്ച് മനസിൽ ഏറ്റവും ദുഷിച്ച ചിന്തയുള്ള മേലാളൻ സംസ്‌കാരത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com