

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ കിരീടം സ്വന്തമാക്കി അനുമോൾ. ഇതോടെ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ വനിത വിജയി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനുമോൾ. സീസൺ 4-ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. എന്നാൽ ദിൽഷയ്ക്ക് കിട്ടിയ പിന്തുണയോ ആശംസയോ അനുമോൾക്ക് ലഭിക്കുന്നില്ല.
ഇതിനു പ്രധാന കാരണം അനുമോളെ ജയിപ്പിച്ചത് പിആര്‍ ആണ് എന്ന ആരോപണമാണ്. എന്നാലിപ്പോൾ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുമോൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചതെന്നും അവിടെ താൻ അത്രയും അനുഭവിച്ചിട്ടുണ്ടെന്നും അനുമോൾ പറയുന്നു. ബിഗ് ബോസിന് ഒക്കെ അത് അറിയാമെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നു.
"ആ വീട്ടില്‍ ജീവിക്കുകയായിരുന്നു ഞാൻ. അഭിനയിക്കുകയായിരുന്നില്ല. എന്റര്‍ടെയ്‍നറായി നില്‍ക്കണം എന്ന് കരുതിയായി വന്നത് . കരയില്ലെന്ന് തീരുമാനിച്ചിരുന്നു." അനുമോൾ പറഞ്ഞു. 'പിആര്‍ ആണോ കപ്പ് വാങ്ങി തന്നത്?' എന്ന അവതാരകയുടെ ചോദ്യത്തിന്, ഞാൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചത്. എനിക്ക് പിആർ ഉണ്ട്. പക്ഷേ 16 ലക്ഷം കൊടുത്തില്ല. അങ്ങനെ ആണെങ്കിൽ എനിക്ക് ഇവിടെ വരേണ്ട ആവശ്യമില്ല. വീട്ടിൽ ആർക്കും ബിഗ് ബോസിൽ വരുന്നതിനോട് താത്പര്യമില്ലായിരുന്നു. പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച് വരുകയായിരുന്നു." അനുമോൾ മറുപടി നൽകി. 'പിആറിന് എത്ര കൊടുത്തു?' എന്ന ചോദ്യത്തിന്, ഒരു ലക്ഷം കൊടുത്തുവെന്നും ഇനി പണം കൊടുക്കില്ലെന്നും താൻ ഒരു പിശുക്കിയാണെന്നുമായിരുന്നു അനുമോളുടെ മറുപടി.