തിരുവനന്തപുരം: എം.എൽ.എ വി.കെ. പ്രശാന്തിനോട് ഓഫീസ് മാറിത്തരാൻ ഒരപേക്ഷ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും എന്നാൽ "പറ്റുമെങ്കിൽ ഒഴിപ്പിച്ചോ" എന്ന മറുപടിയാണ് തിരിച്ചുകിട്ടിയതെന്നും ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. സഹോദരതുല്യനായ ഒരാളോട് നടത്തിയ അഭ്യർത്ഥനയെ രാഷ്ട്രീയ വിവാദമാക്കിയത് എം.എൽ.എ ആണെന്നും അവർ ആരോപിച്ചു.(I asked him like asking to a brother, R Sreelekha against VK Prasanth)
കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ജനങ്ങളെ കാണാൻ ഓഫീസില്ല. അതുകൊണ്ട് ഓഫീസ് ഒഴിയുന്നത് ഒന്ന് പരിഗണിക്കണം എന്ന് എം.എൽ.എയോട് അഭ്യർത്ഥിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അവിടെ തുടരണമെന്നാണ് അദ്ദേഹം പറഞ്ഞത്. "ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ" എന്നാണ് വി.കെ. പ്രശാന്ത് തിരിച്ചു പറഞ്ഞത്. പ്രശാന്തിന്റെ ഫോണിൽ കോൾ റെക്കോർഡിങ് ഉണ്ടെങ്കിൽ അത് പരിശോധിക്കട്ടെ. തന്റെ വിനീതമായ സംസാരവും അദ്ദേഹത്തിന്റെ മറുപടിയും അതിൽ നിന്ന് വ്യക്തമാകും.
തന്റെ അറിവിൽ കോർപ്പറേഷനുമായി എം.എൽ.എയ്ക്ക് അത്തരമൊരു വാടക കരാർ ഉള്ളതായി തോന്നുന്നില്ല. കഴിഞ്ഞ ഭരണസമിതി അദ്ദേഹത്തിന് ചെയ്തുകൊടുത്ത സഹായമാണത്. കോർപ്പറേഷനാണ് കെട്ടിടത്തിന്റെ പൂർണ്ണ അവകാശം. എം.എൽ.എ ക്വാർട്ടേഴ്സ് തൊട്ടടുത്തുള്ളതിനാൽ അദ്ദേഹത്തിന് ഓഫീസ് മാറ്റാൻ ബുദ്ധിമുട്ടില്ല. എന്നാൽ ഒരു കൗൺസിലർക്ക് അതല്ല സ്ഥിതി. അടുത്ത നീക്കം മേയറുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് തീരുമാനിക്കും. വിവാദം പുകയുന്നതിനിടെ അവർ എം എൽ എയെ നേരിട്ട് കണ്ടുവെന്നാണ് വിവരം.