
പ്രേക്ഷകരുടെ ആഗ്രഹം പോലെ ഒടുവിൽ ബി ഗ് ബോസ് വീട്ടിൽ തിരിച്ചുകയറി നെവിൻ. സ്വയം ക്വിറ്റ് ചെയ്ത് പുറത്തുപോയ നെവിൻ, ചെയ്ത തെറ്റിൽ മാപ്പ് ചോദിച്ചാണ് വീട്ടിൽ തിരികെ എത്തിയത്. പ്രധാന വാതിലിലൂടെ റൊബോട്ടായ സ്പൈക്കുട്ടനാണ് ആദ്യം വീട്ടിലെത്തിയത്. ഹൗസ്മേറ്റ്സ് ചേർന്ന് നൃത്തം ചെയ്താണ് സ്പൈക്കുട്ടനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. വൃത്തി നോക്കാനായാണ് സ്പൈക്കുട്ടൻ വീട്ടിലെത്തിയതെന്നും വാതിലുകൾ തുറന്നുകൊടുക്കണമെന്നും ബിഗ് ബോസ് പറഞ്ഞു. അടുക്കള, കിടപ്പുമുറി എന്നിവയൊക്കെ പരിശോധിച്ചിരുന്ന സമയത്ത് കൺഫഷൻ റൂമിൽ നെവിൻ എത്തി.
ആ സമയത്തെ സാഹചര്യത്തിൽ പറഞ്ഞ ഒരു വാക്ക് ഇത്രയും വലിയ ഒരു പ്രശ്നമാവുമെന്ന് കരുതിയില്ലെന്ന് നെവിൻ ബിഗ് ബോസിനോട് പറഞ്ഞു. വീട് നന്നായി മിസ് ചെയ്തെന്നും വാതിൽ കടന്നപ്പോഴാണ് എത്ര മൂല്യമേറിയ പ്ലാറ്റ്ഫോമാണ് താൻ മിസ് ചെയ്തതെന്ന് മനസ്സിലായതെന്നും നെവിൻ തുടർന്നു. സ്നേഹിച്ച എല്ലാവരോടും നന്ദി. ഇനി 100 ശതമാനം ഉറപ്പായും കളിയ്ക്കും. തെറ്റിന് ഞാൻ ക്ഷമ പറയുന്നു എന്നും നെവിൻ പറഞ്ഞു.
വീട്ടിലേക്കുള്ള വരവും പോക്കും പ്രേക്ഷക വിധി പ്രകാരമാണ് എന്ന് ബിഗ് ബോസ് പറഞ്ഞു. ഖേദം പ്രകടിപ്പിച്ചതിനാൽ അറിയിപ്പ് ലഭിക്കുമ്പോൾ താങ്കൾക്ക് വീട്ടിലേക്ക് പോകാവുന്നതാണ് എന്നും ബിഗ് ബോസ് കൺഫഷൻ റൂമിൽ വച്ച് നെവിനോട് പറഞ്ഞു. ഈ സമയത്ത് സ്പൈക്കുട്ടൻ സ്റ്റോർ റൂമിൻ്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ഹൗസ്മേറ്റ്സ് ചേർന്ന് സ്പൈക്കുട്ടനെ യാത്രയാക്കുകയും ചെയ്തു. ഒപ്പം വന്ന ഹൗസ്മേറ്റ്സ് കൺഫഷൻ റൂമിൽ നെവിനെ കണ്ടു. എല്ലാവരും ചേർന്ന് സ്വീകരിച്ച് നെവിനെ തിരികെ കൊണ്ടുവന്നു.