തിരുവനന്തപുരം: സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, 'അധികാരമല്ല വലുത്, ആദർശമാണ് വലുത്' എന്ന് പ്രതികരിച്ചു. അഴിമതിക്കെതിരെ പ്രതികരിച്ചതിന് താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും അവർ പറഞ്ഞു.('I am a living martyr', Congress embraces Sreena Devi Kunjamma who left CPI)
തിരുവനന്തപുരത്ത് കെ.പി.സി.സി. ഓഫീസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയെ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് മത്സരിക്കാൻ നൽകുമെന്നാണ് സൂചന.
നവംബർ മൂന്നിനാണ് ശ്രീനാദേവി സി.പി.ഐ. വിട്ടതായി മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടിയുടെയും എ.ഐ.വൈ.എഫിന്‍റെയും എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും അവർ വ്യക്തമാക്കിയിരുന്നു.
"നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല," ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി സി.പി.ഐ. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ശ്രീനാദേവി. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സി.പി.ഐ. കൈക്കൊണ്ടത്. ശ്രീനാദേവിയുടെ കോൺഗ്രസ് പ്രവേശനം പ്രാദേശിക തലത്തിൽ സി.പി.ഐ.ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.