ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിക്ക് ആലപ്പുഴ ജില്ലാ ജയിലിൽ സഹതടവുകാരന്റെ മർദനം. 85 വയസ്സുകാരനായ തങ്കപ്പൻ എന്ന പ്രതിയുടെ പല്ലാണ് മർദനത്തിൽ കൊഴിഞ്ഞത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാളാണ് ഇയാളെ ആക്രമിച്ചത്.(I also have daughters, Fellow inmate knocks out POCSO case accused's tooth in Alappuzha jail)
കഴിഞ്ഞ ദിവസമാണ് പോക്സോ കേസിൽ പ്രതിയായ തങ്കപ്പൻ ജയിലിലെത്തിയത്. ഇയാൾ ഏത് കേസിലാണ് ജയിലിലെത്തിയതെന്ന് തുടക്കത്തിൽ സഹതടവുകാരന് അറിയില്ലായിരുന്നു. എന്നാൽ, തങ്കപ്പൻ പോക്സോ കേസ് പ്രതിയാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഉപദ്രവിച്ചതെന്നും അറിഞ്ഞതോടെ സഹതടവുകാരൻ പ്രകോപിതനാവുകയായിരുന്നു.
"എനിക്കും പെൺമക്കളുണ്ട്" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു തങ്കപ്പനെ ഇയാൾ മർദിച്ചത്. മർദനത്തിന്റെ ആഘാതത്തിൽ തങ്കപ്പന്റെ പല്ല് കൊഴിയുകയും പരിക്കേൽക്കുകയും ചെയ്തു. സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.