ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുൾപ്പെടെ അഞ്ചു പേരെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കുന്നു. മോഡലിങ് രംഗത്തു പ്രവർത്തിക്കുന്ന പാലക്കാട് സ്വദേശിനി, ടിവി ചാനൽ റിയാലിറ്റി ഷോ താരം, സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് എന്നിവരാണ് മറ്റ് മൂന്നുപേർ. ഇവരോടും ചോദ്യം ചെയ്യാലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടൻമാരും മോഡലും തമ്മിലും, മോഡലും ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാംപ്രതി തസ്‌ലിമ സുൽത്താനയുമായും സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടും ചോദ്യാവലിയിൽ ഉൾപ്പെടുത്തും.
കഞ്ചാവ് കടത്തുമായി നടൻമാർ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെങ്കിൽ തെളിവുകൾ ശേഖരിച്ച് പ്രതി ചേർക്കും. ചോദ്യം ചെയ്യലിൽനിന്നു വേണ്ടത്ര തെളിവു ലഭിച്ചാൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുമുണ്ട്. രണ്ടു നടൻമാരും മോഡലും 28ന് ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ഹാജരാകണമെന്നാണു നോട്ടിസ്. മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനം. മറ്റു രണ്ടു പേരോടും 29നു ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.