കൊച്ചി: പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിൽ അന്വേഷണം വഴിമുട്ടി എക്സൈസ്. കഞ്ചാവ് നൽകിയ ആളെ ഇത്രയും ദിവസമായിട്ടും പിടികൂടാനായില്ല. കോഴിക്കോട് സ്വദേശിയായ ഇയാൾ ഉപയോഗിക്കുന്നത് നേപ്പാളിൽ നിന്നെടുത്ത സിം ആണെന്ന് കണ്ടെത്തി. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ എക്സൈസ് നിയോഗിച്ചിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് ഏപ്രില്‍ 27 നാണ് സംവിധായകരെയും ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും എക്‌സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കവെയാണ് പിടിയിലായത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഷാലിഫ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ തന്‍റെ സുഹൃത്താണ് കഞ്ചാവ് നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു. ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പ്രതി വ്യാജ സിം കാര്‍ഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഷാലിഫ് മുഹമ്മദിന്‍റെ മറ്റൊരു സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന വിവരം ലഭിച്ചത്. എന്നാൽ, നേപ്പാള്‍ സിം ഉപയോഗിക്കുന്നതിനാല്‍ പ്രതിയിലേക്ക് എത്താനുള്ള അന്വേഷണം വഴിമുട്ടി നിൽക്കുകയാണ് എക്സൈസിന്.