കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്.പരിക്കേറ്റ അധ്യാപിക ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് നിഗമനം. കൊച്ചുമോനെ പൊലീസ് പിടികൂടി.
ഡോണിയയും കൊച്ചുമോനും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും കുറച്ചു നാളികളായി ഇരുവരും പിരിഞ്ഞ് തമാസിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയാണ് കൊച്ചുമോൻ സ്കൂളിലെത്തിയത്. പ്രഥാന അധ്യാപികയോട് ഡോണിയ സ്കൂളിലെത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ചില പുസ്തകങ്ങൾ നൽകാനാണ് എത്തിയതെന്നാണ് കൊച്ചുമോൻ പ്രഥാന അധ്യാപികയോട് പറഞ്ഞത്.
ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി കഴുത്തിൽ കത്തി വച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഡോണിയ ഉച്ചത്തിൽ നിലവിളിക്കുന്നതു കേട്ട് അധ്യാപകർ ഓടിക്കൂടി. പരിക്കേറ്റ ഡോണിയയെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഏറ്റുമാനൂരിലെ ഹോസ്റ്റലിലാണ് ഡോണിയ താമസിക്കുന്നത്. 2 വയസ്സുള്ള മകനുണ്ട്. ഭർത്താവിനൊപ്പമാണ് മകൻ താമസിക്കുന്നത്.