

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജഡ്ജി വി. അനസ് ആണ് ശിക്ഷ വിധിച്ചത്.
2024 ഫെബ്രുവരി 26-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീല (45) ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങിക്കിടക്കുമ്പോഴാണ് ഭർത്താവ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ, അശോകൻ ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടിരുന്നു.
മകന് പൊള്ളലേറ്റു: പ്രാണരക്ഷാർഥം വീടിനു പുറത്തേക്കോടിയ ലീലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ അനിലിനും പൊള്ളലേറ്റു.
ആറ്റുകാൽ പൊങ്കാലയ്ക്ക് പോയിരുന്ന ലീല മടങ്ങിയെത്താൻ താമസിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു.ഒരു വർഷം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്ന അശോകൻ, ലീല തന്നെ ഉപേക്ഷിച്ച് പോകുമെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അയിരൂർ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.മക്കളായ അനിൽ, അശ്വതി, അഞ്ജു, അനിത എന്നിവർ ഉൾപ്പെടെ 27 സാക്ഷികളെ കോടതി വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. വേണി ഹാജരായി.