തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ കരിക്കകം സ്വദേശിനി ശിവപ്രിയ ബാക്ടീരിയൽ അണുബാധയെത്തുടർന്ന് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ വേണു എന്നയാൾ മരിച്ച വിവാദം നിലനിൽക്കെയാണ് സമാനമായ പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.(Husband on death of woman who went to SAT Hospital for delivery )
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്ക് അണുബാധയേൽക്കാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, വീട്ടുകാർ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
എന്നാൽ, ശിവപ്രിയ പൂർണ്ണ ആരോഗ്യവതിയായിരുന്നുവെന്ന് ഭർത്താവ് മനു പറയുന്നു. ആശുപത്രി അധികൃതരുടെ വീഴ്ചകൾ അദ്ദേഹം അക്കമിട്ട് നിരത്തി. കഴിഞ്ഞ മാസം 22-ാം തീയതിയാണ് ശിവപ്രിയ എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. "കൃത്യമായി ആശുപത്രിയിൽനിന്ന് നോക്കാതെ വിട്ടതാണ്," മനു ആരോപിച്ചു.
പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് 26-ാം തീയതി വീണ്ടും ആശുപത്രിയിൽ വന്നു. അകം പരിശോധിച്ചതിന് ശേഷം സ്റ്റിച്ച് പൊട്ടിയെന്ന പറഞ്ഞുവെന്നും എങ്കിൽ വേദന വരില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. "തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ച് കാണിച്ചു തന്നതാണ്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു," മനു പറഞ്ഞു.
പിന്നീട് ഓരോ ദിവസവും വയ്യാതായി. തുടർന്ന് വെന്റിലേറ്ററിലായി. "അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിൻ്റെ റിപ്പോർട്ടടക്കം എൻ്റെ കൈയിൽ ഉണ്ട്," മനു വെളിപ്പെടുത്തി. ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് ഡോക്ടർ പറയുന്നതെന്നും മനു ആരോപിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.