കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭാര്യയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മധുസൂദനൻ പിള്ളയെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.(Husband kills wife by hitting her head with a gas cylinder in Kollam)
ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകം നടക്കുന്ന സമയത്ത് ഇവരുടെ മകൾ വീട്ടിലുണ്ടായിരുന്നു.
അമ്മയെ ആക്രമിക്കുന്നത് കണ്ട മകൾ ഭയപ്പാടോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പ്രതിയായ മധുസൂദനൻ പിള്ള കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനായി പ്രവർത്തിക്കുന്നയാളാണ്. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.