

പത്തനംതിട്ട: തണ്ണിത്തോട് വനമേഖലയിൽ നായാട്ടിനിടെ വനപാലകരെ തോക്കുപയോഗിച്ച് വധിക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ വനംവകുപ്പ് അതിസാഹസികമായി പിടികൂടി. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെടിവയ്ക്കാനും ശ്രമിച്ച പ്രതികളെ മൽപിടുത്തത്തിലൂടെയാണ് വനംവകുപ്പ് സംഘം കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനംവകുപ്പ് നടത്തിയ പട്രോളിംഗിനിടെയാണ് വേട്ടയ്ക്കിറങ്ങിയ സംഘം വലയിലായത്. തോക്കും മാരകായുധങ്ങളുമായി നിൽക്കുന്നത് കണ്ട് പ്രതികളെ തടയാൻ ശ്രമിച്ച വനപാലകർക്ക് നേരെ ഇവർ നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. പ്രവീൺ പ്രമോദ് (തേക്കുംതോട്), അനിൽ (തേക്കുംതോട്), സുരാജ് (തേക്കുംതോട്), സ്മിജു സണ്ണി (തേക്കുംതോട്) എന്നിവരാണ് പിടിയിലായത്.
പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാറിന് കൈക്ക് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് ചില വനംവകുപ്പ് ജീവനക്കാർക്കും നിസ്സാര പരിക്കുകളുണ്ട്. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക്, കട്ടറുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെടുത്തു.
പ്രതികൾ മുൻപും ഈ മേഖലയിൽ വേട്ട നടത്തിയിട്ടുണ്ടോ എന്നും ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും വനംവകുപ്പ് പരിശോധിച്ചുവരികയാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.