തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി, ഇത് പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. അസ്ഥികൂടത്തിന് സമീപത്തുനിന്നായി തലയോട്ടിയും വസ്ത്രങ്ങളും മുടിയും കണ്ടെത്തിയിട്ടുണ്ട്.(Human skeleton found in Kadakkavoor)
ശരീര അവശിഷ്ടങ്ങൾക്ക് പത്തു ദിവസത്തോളം പഴക്കം വരുമെന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസ് അറിയിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി കാണാതായ 75 വയസ്സുള്ള ദേവദാസൻ എന്നയാളുടേതാണ് ഈ അസ്ഥികൂടം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് കണ്ടെത്തിയ കണ്ണാടിയും ചെരുപ്പും കാണാതായ ദേവദാസൻ്റെ മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.